മയക്കുമരുന്ന് കടത്ത്; ദാവൂദിന്റെ സഹോദരപുത്രന്‍ അമേരിക്കയില്‍ പിടിയില്‍

Webdunia
ശനി, 20 ഫെബ്രുവരി 2016 (15:50 IST)
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ സൊഹൈല്‍ കസ്‌കര്‍ (36) അമേരിക്കയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മയക്കു മരുന്ന് കടത്തിയതിനും തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുമാണ് സൊഹൈലിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ദാവൂദിന്റെ ഇളയ സഹോദരന്‍ നൂറയുടെ മകനാണ് സൊഹൈല്‍.
 
കൊളംബിയയിലെ ഭീകരസംഘടനയായ റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയ്ക്കു വേണ്ടിയാണ് സൊഹൈല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2015 ഡിസംബര്‍ മുതല്‍ സൊഹൈല്‍ തടവറയിലാണെന്നാണ് റിപ്പോര്‍ട്ട്. സൊഹൈലിനൊപ്പം രണ്ട് പാകിസ്ഥാന്‍ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്.
 
മിസൈല്‍ സംവിധാനങ്ങള്‍ കൈമാറിയതിനും മയക്കുമരുന്ന് കടത്തിയതിനുമാണ് സൊഹൈലിനെയും രണ്ട് പാകിസ്താന്‍ സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് സൊഹൈലിനുമേല്‍ ചുമത്തിയിരിക്കുന്നത്. വാര്‍ത്ത പുറത്തു വരാതിരിക്കാന്‍ ദാവൂദ് ഉന്നതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.