ഭീകരവാദം: യുഎസ് കൂടുതല്‍ ചര്‍ച്ച നടത്തും

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (12:07 IST)
ഭീകരവാദം സംബന്ധിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായി അമേരിക്ക വരും മാസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. രണ്ട് രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചര്‍ച്ച വിജയകരമായതിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. ഏപ്രില്‍ അവസാനവും മെയ് ആദ്യവുമായിരിക്കും മൂന്ന് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുക.

അഫ്ഗാനിലേയും പാകിസ്ഥാനിലെയും നയങ്ങള്‍ പുനഃപരിശോധിക്കുന്നതിനുള്ള ഒബാമ ഭരണകൂടത്തിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുമായി അമേരിക്ക ചര്‍ച്ച നടത്തിയിരുന്നു. തീവ്രവാദ വിഷയത്തിലുള്ള നിലപാടുകള്‍ പരസ്പരം കൈമാറിയതായും ചര്‍ച്ച വിജയകരമായിരുന്നു എന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍ അറിയിച്ചു.

മൂന്ന് രാജ്യങ്ങള്‍ക്കും ലക്‍ഷ്യം ഒന്നുതന്നെയാണ്. മൂവരും നേരിടുന്ന ഭീഷണി തീവ്രവാദമാണ്. പൊതു ദൌത്യമാണ് ഇക്കാര്യത്തില്‍ നടപ്പാക്കാനുള്ളത് - ഹിലാരി പറഞ്ഞു. പൊതുദൌത്യം നേരിടാന്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തന്‍റെ ഗവണ്‍‌മെന്‍റ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. ചര്‍ച്ച ഗുണകരമായിരുന്നു എന്നും കൂടുതല്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായും ഹിലാരി അറിയിച്ചു.