ഭര്‍ത്താവിനെ ജനനേന്ദ്രിയം കത്തിച്ച് കൊന്ന ഭാര്യയെ വെറുതെ വിട്ടു

Webdunia
ശനി, 16 ഏപ്രില്‍ 2011 (16:07 IST)
ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ കോടതി വെറുതെ വിട്ടു. ഇന്ത്യന്‍ വംശജയായ യുവതിയെയാണ് ഓസ്ട്രേലിയന്‍ സുപ്രീംകോടതി വിട്ടയച്ചത്. യുവതി ബോധപൂര്‍വമല്ല ഇങ്ങനെയൊരു കൃത്യം ചെയ്തതെന്ന് കോടതി വിലയിരുത്തി.
രജനി നാരായണന്‍(46) എന്ന ഇന്ത്യന്‍ വംശജയെയാണ് ഭര്‍ത്താവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ടത്. അഡലെയ്ഡിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവ് സതീഷ് നാരായണനെ 2006ലാണ് രജനി ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. രജനിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

സതീഷ് നാരായണന്‍റെ പരസ്ത്രീ ബന്ധം സഹിക്കാനാകാതെയാണ് രജനി ഈ കൃത്യം ചെയ്തതെന്ന് കോടതി പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ അവര്‍ അതിന് നിര്‍ബന്ധിതയാകുകയായിരുന്നു എന്നും കോടതി വിലയിരുത്തി. എന്നാല്‍ വെറുതെ വിട്ടെങ്കിലും ഇവര്‍ കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും. ആറുവര്‍ഷത്തിനിടെ ഇവര്‍ മറ്റെന്തെങ്കിലും കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കും.

20 വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു സതീഷ് - രജനി ദമ്പതികളുടേത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഒട്ടേറെ സ്ത്രീകളുമായി സതീഷിന് ബന്ധമുണ്ടായിരുന്നു. മാത്രമല്ല, രജനിയെ സതീഷ് നിരന്തരം പീഡിപ്പിക്കാറുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം മൂന്നു മക്കളും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.