പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്സയോട് ഏറ്റുമുട്ടി പരാജയപ്പെട്ട മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേക ലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തലസ്ഥാനമായ കൊളംബോയില്‍ നിന്നാണ് ഏപ്രില്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫൊന്‍സേക ജനവിധി തേടുക.
പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് നാഷണല്‍ അലയ്ന്‍സിന്‍റെ ടിക്കറ്റിലാണ് ഫൊന്‍സേക മത്സരിക്കുന്നത്. ഫൊന്‍സേകയായിരിക്കും ഡിഎന്‍എ പാനലിനെ നയിക്കുകയെന്ന് കക്ഷി നേതാക്കള്‍ അറിയിച്ചു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തോറ്റ ഫൊന്‍സേകയെ രജപക്സെ ഭരണകൂടം ഈ മാസം എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. രജപക്സെയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഫൊന്‍സേക ഇപ്പോഴും സൈനിക തടവിലാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ ഫൊന്‍സേകയുടെ സാന്നിധ്യം മഹീന്ദ രജപക്സെയ്ക്ക് അടുത്ത തലവേദനയാകും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രജപക്സെയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഫൊന്‍സേകയ്ക്കായിരുന്നു. ഫൊന്‍സേകയെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ലങ്കയില്‍ പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്.