പാക് പ്രധാനമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

Webdunia
വെള്ളി, 18 ജനുവരി 2013 (18:25 IST)
PRO
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) അസിസ്റ്റന്റ് ഡയറക്ടര്‍ കമ്രാന്‍ ഫൈസലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇസ്ലാമാബാദ് ഫെഡറല്‍ ലോഡ്ജിലെ മുറിയിലാണ് ഫൈസലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

പ്രധാനമന്ത്രി ഉള്‍പ്പെടെ 20 പേരെ കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് എന്‍എബിയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹമരണം സംഭവിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.