പാകില്‍ യുഎസ് മിസൈലാക്രമണവും

വെള്ളി, 13 മാര്‍ച്ച് 2009 (11:28 IST)
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാന്‍റെ അതിര്‍ത്തി പ്രദേശത്ത് അമേരിക്ക മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതയാണ് പ്രാഥമിക വിവരം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖുറം ജില്ലയിലാണ് ഡ്രോണ്‍ വിമാനം ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്. അതേസമയം, ആക്രമണത്തെ കുറിച്ച്‌ അമേരിക്ക പ്രതികരിച്ചില്ല.

ബരാക്‌ ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം പാക് അതിര്‍ത്തിയില്‍ അമേരിക്ക നടത്തുന്ന അഞ്ചാമത്‌ ആക്രമണമാണിത്‌. അമേരിക്ക പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍റെ വംശീയ മേഖലകളില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതായി ആരോപണമുണ്ട്.

ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത്‌ അവര്‍ തീവ്രവാദികളുമായി സഹകരിക്കുന്നതിന്‌ വഴിയൊരുക്കുമെന്നും പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നടപടി തുടരുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫിന്‍റെ പിന്തുണയോടെ അഭിഭാഷകര്‍ നടത്തുന്ന് സമരം രണ്ടാം ദിവസത്തേയ്ക്ക് കടന്നതിനിടെയാണ് അമേരിക്ക അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കി മിസൈലാക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക