ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെയ്ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷയില്ലെന്ന് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍. കേസ് പരിഗണിക്കുന്ന മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്രപരിരക്ഷയില്ലെന്നും യുഎസ് അറ്റോര്‍ണിയുടെ ഓഫിസ് വ്യക്തമാക്കി. അറസ്റ്റിന്റെ സമയത്ത് കോണ്‍സുലാര്‍ ഉദ്യോഗസ്ഥയുടെ പരിരക്ഷ ഉണ്ടായിരുന്നെന്നും ഇതുപ്രകാരം കോടതി വ്യവഹാരത്തില്‍ നിന്നും ഔദ്യോഗിക നിര്‍വ്വഹണത്തിനുള്ള പരിരക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും യുഎസ് അറ്റോര്‍ണി അസിസ്റ്റന്റുമാരായ ക്രിസ്റ്റി ഗ്രീന്‍ബര്‍ഗ്, അമാന്‍ഡ ക്രാമര്‍ എന്നിവര്‍ അറിയിച്ചു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ എഴുതി നല്‍കി. നയതന്ത്ര പ്രതിനിധിയെ വിചാരണയ്ക്ക് വിധേയമാക്കുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 12നാണ് ദേവയാനി കോബ്രഗഡെ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായിരുന്നു. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 14ന് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.