ദാവൂദിന്റെ മകള്‍ക്ക് പാക് വരന്‍

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2011 (13:22 IST)
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ രണ്ടാമത്തെ മകള്‍ മഹ്‌റീന്‍ കറാച്ചിയിലെ ക്ലിഫ്ടണില്‍ വിവാഹിതയായി. പാക്-അമേരിക്കന്‍ പൌരന്‍ അയൂബുമായുള്ള രഹസ്യവിവാഹം ഫെബ്രുവരി നാലിനായിരുന്നു. പാക് സൈന്യത്തിലെയും ഐ എസ് ഐയിലെയും ചില ഉദ്യോഗസ്ഥരുള്‍പ്പെടെ ചുരുക്കം ചിലരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിച്ചുള്ളൂ.

മേയില്‍ വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ദാവൂദ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

പാക് ക്രിക്കറ്റര്‍ ജാവേദ് മിയാന്‍‌ദാദിന്റെ മകനാണ് ദാവൂദിന്റെ മൂത്ത മകളായ മഹ്‌റൂഫിനെ വിവാഹം ചെയ്തത്. ഇവരോടൊപ്പം ദാവൂദിന്റെ സഹോദരന്മാരും ഒപ്പം ഛോട്ട ഷക്കീലും ചടങ്ങിനെത്തിയിരുന്നു.

പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷാവലയത്തില്‍ കറാച്ചിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്ക ദാവൂദിനെ ആ‍ഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു.

1993 മുംബൈ സ്ഫോടനപരമ്പരയുടെ മുഖ്യ ‍ആസൂത്രകന്‍ ഇയാളാണെന്നാണ് കരുതപ്പെടുന്നത്. 300 പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് ശേഷമാണ് ദാവൂദ് കറാച്ചിയിലേക്ക് കടന്നത്. പിന്നീട് ഭാര്യയെയും അഞ്ചു മക്കളെയും മുംബൈയില്‍ നിന്നു മാറ്റുകയായിരുന്നു. ഒരു മകള്‍ പാകിസ്താനില്‍ മലേറിയ ബാധിച്ച് മരിച്ചിരുന്നു.

ദുബായില്‍ തങ്ങിയായിരുന്നു ഏറെക്കാലം ദാവൂദ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യ നിരന്തരം പാകിസ്താനോട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.