താലിബാനുമായി ചര്‍ച്ച വേണമെന്ന് കര്‍സായി

Webdunia
ഞായര്‍, 19 ജൂലൈ 2009 (13:13 IST)
അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ തുടച്ചു നീക്കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുന്നതിലൂടെ കഴിയില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. താലിബാന്‍ നേതാവ് മുല്ല ഉമര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്താനുളള സാധ്യതകളെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആലോചിക്കണമെന്നും കര്‍സായി ആവശ്യപ്പെട്ടു. സണ്‍‌ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താലിബാനുമായി ചര്‍ച്ചകള്‍ക്ക് കര്‍സായി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

സൈനിക നടപടികള്‍ ഇങ്ങനെ അനന്തമായി തുടരുന്നതില്‍ അര്‍ത്ഥമില്ല. പോരാട്ടത്തില്‍ നിരവധി ബ്രിട്ടീഷ്-അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ തുടരുന്ന നടപടികളില്‍ ഒരു പുനരാലോചന അനിവാര്യമാണ്. അതില്ലാതെ അഫ്ഗാനിലെ സ്ഥിതിഗതികളില്‍ യാതൊരു പുരോഗതിയും ഉണ്ടാവുമെന്ന് കരുതുന്നില്ല.

സഖ്യ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ല. തീവ്രാവാദത്തെ തുടച്ചു നീക്കാനും സമാധാനം പുനസ്ഥാപിക്കാനും മറ്റു വഴികള്‍ തേടേണ്ടിയിരിക്കുന്നുവെന്നും കര്‍സായി പറഞ്ഞു. മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്ക് അതിനുള്ള സൌകര്യം ഒരുക്കുമെന്നും കര്‍സായി വ്യക്തമാക്കി.

താലിബാന്‍ നേതാവ് മുല്ല ഉമര്‍ അടക്കമുളള നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് വന്നാല്‍ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നാണ് അഫ്ഗാന്‍ സര്‍ക്കാരിന്‍റെ ആഗ്രഹം. സമാധാനത്തിനായി ആത്മാര്‍ത്ഥമായ ശ്രമമില്ലാതെ യുദ്ധം തുടരുന്നതുകൊണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയേവുള്ളൂ.

താന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താലിബാനടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുമെന്നും കര്‍സായി പറഞ്ഞു. താലിബാനെതിരായ പോരാട്ടത്തില്‍ ഈ മാസം മാത്രം 46 സഖ്യസേനാ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.