തലമുടി ചീകിയാല്‍ തലച്ചോര്‍ ‘ഓഫ്’ ആകും!

Webdunia
ശനി, 20 ഓഗസ്റ്റ് 2011 (12:35 IST)
സ്കോട്ട്‌ലന്റിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖം. ഒരല്‍‌പം വേഗത്തില്‍ തലമുടി ചീകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കും എന്നതാണ് പതിമൂന്നുകാരിയായ മേഗന്‍ സ്റ്റിവാര്‍ട്ടിന്റെ അസുഖം. വേഗത്തില്‍ മുടി ചീകരുതെന്ന് മേഗന്‍ സ്റ്റിവാര്‍ട്ടിനോട് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

‘ഹെയര്‍ ബ്രഷിംഗ് സിന്‍‌ഡ്രോം’ എന്നാണ് മേഗന്‍ സ്റ്റിവാര്‍ട്ടിന്റെ അസുഖത്തെ ഡോക്‌ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. വസ്തുക്കളിലെ സ്ഥിതികോര്‍ജ്ജം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. ഈ രോഗമുള്ളതിനാല്‍ മേഗന് പോളിയെസ്റ്റര്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കാനോ ബലൂണില്‍ തൊടാനോ പാടില്ല. കാരണം ഇവയിലൊക്കെയും സ്ഥിതികോര്‍ജ്ജം ഉണ്ട്.

വൈദ്യുതി പ്രവഹിക്കുന്ന എന്തെങ്കിലും വസ്തു ദേഹത്ത് തൊട്ടാലുടന്‍ മേഗന്‍ സ്റ്റിവാര്‍ട്ടിന്റെ തലച്ചോര്‍ ഓഫാകും. അല്ലെങ്കില്‍ ഹൃദയമോ ശ്വാസകോശമോ ഓഫാകാനുള്ള സന്ദേശം തലച്ചോര്‍ അയയ്ക്കും.

മുടിയിലെ സ്ഥിതികോര്‍ജ്ജം കുറയ്ക്കാനായി തലമുടി നനച്ചുകൊണ്ടാണ് മേഗന്‍ സ്റ്റിവാര്‍ട്ടിന്റെ നടപ്പ്. വല്ലപ്പോഴും മുടി ചീകുന്നത് നിലത്ത് കിടന്നുകൊണ്ടാണ്. സ്കൂള്‍ ലാബില്‍ കയറിപ്പോകരുതെന്നാണ് മേഗന്‍ സ്റ്റിവാര്‍ട്ടിന് കിട്ടിയിരിക്കുന്ന മറ്റൊരു നിര്‍ദേശം.

അമ്മ ഷാരോണ്‍ മുടി കെട്ടിക്കൊടുക്കുമ്പോള്‍ ഒരു ദിവസം മേഗന്‍ സ്റ്റിവാര്‍ട്ട് ബോധം കെട്ട് വീഴുകയായിരുന്നു. ചുണ്ടുകള്‍ നീല നിറമാവുകയും ചെയ്തു. കുട്ടിക്ക് അപസ്മാരമാണെന്നാണ് അമ്മ കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മേഗന്‍ സ്റ്റിവാര്‍ട്ടിന് അപൂര്‍വ രോഗമാണെന്ന് കണ്ടുപിടിച്ചത്.

ഈ രോഗം മാത്രമല്ല, ആസ്തമയും ഡോര്‍സല്‍ സ്‌ട്രീം ഡിസ്‌ഫംഗ്ഷനും മേഗനുണ്ട്. കണ്ണിനും തലച്ചോറിനും ഇടയിലുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍ കൊണ്ട് വേഗതയില്‍ ചലിക്കുന്ന വസ്തുക്കളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ് ഡോര്‍സല്‍ സ്‌ട്രീം ഡിസ്‌ഫംഗ്ഷന്‍.

ഇതൊക്കെയുണ്ടെങ്കിലും ജീവിതത്തെ ഉറച്ചുതന്നെ നേരിടാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ് മേഗന്‍. ഒരല്‍‌പം വേഗത്തില്‍ പോലും എന്റെ മുടി ചീകാന്‍ എനിക്കാവില്ല എന്ന് എനിക്കറിയാം. അസുഖം ഉള്ളതുകൊണ്ടാണതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്റെ പരിമിതികള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. എങ്കിലും അതൊന്നും എന്റെ സാധാരണ ജീവിതത്തെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കില്ല - മേഗന്‍ പറയുന്നു.