തടവുകാരെ സഹായിക്കാന്‍ നാലുകാലുള്ള സുന്ദരക്കള്ളന്‍

Webdunia
ചൊവ്വ, 4 ജൂണ്‍ 2013 (17:27 IST)
PRO
PRO
ആരും കാണതെ, ആരും സംശയിക്കാതെ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കുന്ന കള്ളനെ പിടികൂടി. കള്ളന്‍ ആരെന്നോ? പൂച്ച, ആരെയും പേടിയില്ലാതെ നല്ല സുന്ദരക്കുട്ടന്മാരായി ജയിലിനുള്ളില്‍ നടക്കുന്ന പൂച്ചകള്‍ വഴിയാണ് പുറത്തുള്ളവര്‍ ജയിലില്‍ക്കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മൊബൈല്‍ഫോണുകള്‍ കൈമാറുന്നത്.

സംഭവം നടന്നത് എവിടെയെന്നോ? വടക്ക് കിഴക്കന്‍ മോസ്കോയിലെ കോമി പ്രവിശ്യയിലെ ഫെഡറല്‍ ജയിലില്‍. സര്‍വ്വസാധാരണയായി കാണുന്ന ഈ പൂച്ചക്കള്ളന്മാര്‍ ഏറെ നാളായി ജയിലിലെ നിത്യസന്ദര്‍ശകരാണ്. അടുത്തിടെ ജയിലിനുള്ളിലെ ഒരു മുറിക്കരികില്‍ പമ്മിയിരുന്ന പൂച്ചക്കുട്ടനെ സ്നേഹിക്കാന്‍ എടുത്ത പാറാവുകാരന്‍ ഞെട്ടിപ്പോയി, വേറെന്നുമല്ല പൂച്ചയുടെ രോമാവൃതമായ വയറിനുള്ളില്‍ നല്ലൊരു മൊബൈല്‍ ഫോണ്‍. പിന്നീടാണ് ജയിലധികൃതര്‍ക്ക് മനസിലായത് ജയിലില്‍ ഇത്തരത്തിലുള്ള കൈമാറല്‍ പരിപാടി നടത്തുന്നവര്‍ പൂച്ചകളാണെന്ന്.

ഇവരെ ഇത്തരത്തില്‍ കൈമാറ്റം നടത്താന്‍ പറഞ്ഞ്‌ വിടുന്നവരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്താ‍യാലും ഇപ്പോള്‍ ഈ പൂച്ചക്കള്ളന്മാര്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്.