ഡ്രോണ്‍ ആക്രമണം നിര്‍ത്തണം: പാക്

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (16:58 IST)
രാജ്യത്തെ വംശീയ മേഖലകളില്‍ തുടരുന്ന ഡ്രോണ്‍ ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ ആക്രമണം മൂലം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. പ്രശ്നം അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് പറഞ്ഞതായി ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും തകര്‍ക്കപ്പെടുന്നത് ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ ആക്രമണം നടത്താനുള്ള നയം അമേരിക്ക പുനപ്പരിശോധിക്കണം. ആക്രമണം തുടരുകയാണെങ്കില്‍ ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ അമേരിക്ക പരാജയപ്പെടും.

താലിബാന്‍ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കി പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന മിസൈല്‍ ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതില്‍ നേരത്തേയും പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 17ന് പാകിസ്ഥാനിലെ വടക്ക്-പടീഞ്ഞാറന്‍ പ്രവിശ്യാ സര്‍ക്കാര്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്.

പാക് വിദേശകാര്യ മന്ത്രി ഷാ‍ മുഹമ്മദ് ഖുറേഷിയും ദ്രോണ്‍ ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് അമേരിക്കന്‍ ചാ‍രസംഘടനയായ സിഐഎ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്ഥാനില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണം പ്രസിഡന്‍റ് ബരാക് ഒബാ‍മയുടെ നയമാണെന്ന് യുഎസ് സൈനിക തലവന്‍ അഡ്മിറല്‍ മൈക് മുള്ളനും വ്യക്തമാക്കിയിട്ടുണ്ട്.