ചൈനയില്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ച് 12 മരണം

വ്യാഴം, 3 ഏപ്രില്‍ 2014 (16:13 IST)
PRO
ചൈനയില്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ ഗുവാങ്ങ്ടോങ്ങിലെ ജുന്‍ബുവിലുള്ള ഒരു വര്‍ക്ക്ഷോപ്പിലാണ് തീപിടുത്തം ഉണ്ടയത്.

കട ഉടമയുടെ മകളുടെ കുട്ടിക്കളിയാണ് തീപിടുത്തത്തിന് കാരണമായത്. അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ പലരും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

വര്‍ക്ക്‌ ഷോപ്പ്‌ ഉടമയുടെ മൂന്നു വയസുള്ള പെണ്‍കുട്ടിസിഗരറ്റ്‌ ലൈറ്ററുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ച തീപിടുത്തമാണ്‌ ഇത്രയും പേരുടെ ജീവനെടുത്തത്. ഷോപ്പിലുണ്ടായിരുന്ന സ്പോഞ്ച്‌ ശേഖരത്തിനാണ് ആദ്യം തീപിടിച്ചത്‌.

അതുപിന്നീട് വര്‍ക്ക്‌ ഷോപ്പു മുഴുവന്‍ പടരുകയായിരുന്നു. അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലതിരുന്നത് അപകടത്തിന്റെ വ്യപ്തി വര്‍ധിപ്പിച്ചു. അനുമതിയില്ലതെയാണ് വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്‌. മതിയായ വാതിലുകള്‍ ഇല്ലാത്ത കെട്ടിടത്തിനുള്ളില്‍ ശ്വാസം മുട്ടിയാണ്‌ പലരും മരിച്ചത്‌.

ചൈനയില്‍ തൊഴിലിടങ്ങളിലെ സുരക്ഷ വളരെ കുറവാണ്. കഴിഞ്ഞവര്‍ഷം ഒരു പൗള്‍ട്രി ഫാമില്‍ തീപിടിച്ച് 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാന രീതിയിലുള്ള മറ്റൊരപകടത്തില്‍ 70 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌.

വെബ്ദുനിയ വായിക്കുക