ചാവേര്‍ ആക്രമണത്തില്‍ കാബൂള്‍ വിറച്ചു

Webdunia
തിങ്കള്‍, 18 ജനുവരി 2010 (17:15 IST)
PRO
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറുകളുടെ ശക്തമായ ആക്രമണം. പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്‍ഷ്യമിട്ടെത്തിയ ഒരു സംഘം ചാവേറുകളാണ് മണിക്കൂറുകളോളം തലസ്ഥാന നഗരിയെ മുള്‍‌മുനയില്‍ നിര്‍ത്തിയത്. സംഭവത്തില്‍ നാലു സൈനികരും ഒരു പൌരനും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാല്‍‌പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

രാവിലെ അപ്രതീ‍ക്ഷിതമായി തലസ്ഥാന നഗരിയിലെ സുപ്രധാന സുരക്ഷാ മേഖലയില്‍ ചാവേറുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാവിലെ പത്തുമണിയോടെ തിരക്കേറിയ സമയത്ത് പ്രസിഡന്‍റ് പാലസിന് സമീപമാണ് ആദ്യ ചാവേര്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ ധനകാര്യമന്ത്രാലയം ഓഫീസിന് തീപിടിക്കുകയും ചെയ്തു.

ഇതിനിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ചാവേറുകള്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാ‍ന്തരീക്ഷം സൃഷ്ടിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും ഇടയിലും സ്ഫോടനങ്ങള്‍ നടന്നു. പ്രസിഡന്‍റ് കര്‍സായിയുടെ കൊട്ടാരം ലക്‍ഷ്യമിട്ടായിരുന്നു ആക്രമണം‍. ചാവേറുകള്‍ എണ്ണത്തിലേറെയാണെന്ന് മനസിലായതോടെ സൈന്യവും തിരിച്ചടിച്ചു.

മണിക്കൂറുകളോളം പ്രദേശത്ത് യുദ്ധപ്രതീതിയായിരുന്നു. യന്ത്രത്തോക്കുകള്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ഒച്ച മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഉച്ചയ്ക്ക് ശേഷമാണ് സുരക്ഷാ സൈനികര്‍ക്ക് സ്ഥിതി നിയന്ത്രിക്കാനായത്. പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്‍ഷ്യമിട്ട് ഇരുപതോളം ചാവേറുകള്‍ കാബൂളിലെത്തിയതായി താലിബാന്‍ വക്താവ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടന പരമ്പരയും ഏറ്റുമുട്ടലും അരങ്ങേറിയത്. പ്രസിഡന്‍റിന്‍റെ കൊട്ടാരവും മറ്റു സര്‍ക്കാര്‍ ഓഫീസുകളുമാണ് ചാവേറുകളുടെ ലക്‍ഷ്യമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കിയിരുന്നു.

സ്ഫോടനത്തിന്‍റെയും വെടിവെയ്പിന്‍റെയും പശ്ചാത്തലത്തില്‍ കാബൂള്‍ നഗരത്തിലേക്കുള്ള പ്രവേശന കവാ‍ടം പൊലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ എത്ര ചാവേറുകള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല.