ചതിച്ച സുഹൃത്തിനെ കൊന്ന് ഭക്ഷിച്ചു!

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (16:11 IST)
PRO
PRO
കള്ളുകുടി പാര്‍ട്ടിക്ക് തൊട്ടുനക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ സുഹൃത്തിനെ കൊന്നു കറിവച്ച് കഴിക്കുകയും ബാക്കിയുള്ള മാംസം പന്നിയിറച്ചിയാണെന്ന് പറഞ്ഞ് വില്‍‌ക്കുകയും ചെയ്ത റഷ്യന്‍ കഥ പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു നരഭോജിക്കഥ കൂടി പുറത്ത്. പണം മോഷ്‌ടിച്ച സുഹൃത്തിനെ സംഘത്തിലെ മറ്റുളളവര്‍ ചേര്‍ന്ന്‌ വകവരുത്തിയ ശേഷം പാചകം ചെയ്ത് ഭക്ഷിച്ച മറ്റൊരു ക്രൂരതയാണ് ക്രൊയേഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്യാംഗിലെ ഒരംഗത്തെ ക്രൊയേഷ്യന്‍ തലസ്ഥാനത്തുനിന്ന്, മറ്റൊരു കേസുമായി ബന്ധപ്പെട്ട്, പൊലീസ് പൊക്കിയപ്പോഴാണ് രക്തം ഉറഞ്ഞുപോകുന്ന കഥ പുറം‌ലോകം അറിഞ്ഞത്. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ഒരു ഫ്‌ളാറ്റില്‍ വച്ച്‌ 2009-ലാണ് തങ്ങള്‍ സുഹൃത്തിനെ കറിവച്ച് കഴിച്ചതെന്ന് അറസ്റ്റിലായ സ്ട്രെക്കോ കാലിനിക്ക് വെളിപ്പെടുത്തിയത്.

പണം മോഷ്‌ടിച്ച മിലാന്‍ ജൂറിസിക്‌ എന്ന മുപ്പത്തിയേഴുകാരനെ സുഹൃത്തുക്കളെല്ലാവരും കൂടി ചുറ്റികയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം എല്ലും തോലും വെവ്വേറെയാക്കി. കൂട്ടുകാരന്റെ തോല്‌ ഉപയോഗിച്ച്‌ ഇവര്‍ ഒരു മുഖംമൂടി ഉണ്ടാക്കുകയും ചെയ്തു. മിലാന്റെ മാംസം ഗ്രൈന്‍‌ഡര്‍ മെഷീനിലിട്ട് അരച്ച് പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തു. അവസാനം, ബാക്കിവന്ന് എല്ലുകളെല്ലാം ഒരു നദിയില്‍ ഒഴുക്കി, തെളിവും നശിപ്പിച്ചു.

ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, മറ്റൊരു നരഭോജി തുടര്‍ച്ചയായി ആളുകളെ കൊന്നു കരള്‍ ഭക്ഷിച്ചിരുന്നെന്നു കണ്ടെത്തി. മോഷണക്കേസില്‍ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ കുറ്റസമ്മതം. അലക്സാണ്ടന്‍ ബൈക്കോവ്‌ എന്ന ഇരുപത്തിനാലുകാരനാണ് ആറോളം ആളുകളെ കൊന്നു കരള്‍ എടുത്ത് പൊരിച്ച് തിന്നത്.

സിനിമകളില്‍ മാത്രം കാണുന്ന തരത്തിലുള്ള ക്രൂരതയുടെ കഥകളാണ് യൂറോപ്പില്‍ നിന്നും മറ്റ് വികസിത രാജ്യങ്ങളില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. റഷ്യയില്‍ നിന്നാണ് ഇത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒന്നിനെയും ഭയമില്ലാത്ത, എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം പൊതുജനങ്ങളുടെയും നിയമപാലകരുടെയും ഉറക്കം കെടുത്തുകയാണ്.