പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി മുസ ഗിലാനിയ്ക്കെതിരെ രാജ്യത്തെ ആന്റി നാര്‍ക്കോട്ടിക് ഫോഴ്സ് കേസെടുത്തു. രാസവസ്തു ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. അലി മുസ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫിഡ്രൈന്‍ ഇറക്കുമതി ചെയ്തതില്‍ ഏഴ് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ആരോപണം. അര്‍ഹതയില്ലാത്ത രണ്ട് കമ്പനികള്‍ക്ക്, അലി മുസ ഇടപെട്ടാണ് ഇതിന് അനുവാദം നല്‍കിയത് എന്നും ആരോപണമുണ്ട്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്‍.
അടുത്ത കാലത്ത് പാര്‍ലമെന്റ് അംഗമായ അലി മൂസ സൌത്ത് ആഫ്രിക്കയില്‍ മധുവിധു ആഘോഷത്തിലായിരുന്നു. കേസില്‍ പ്രതി ചേര്‍ത്തത് അറിഞ്ഞ് അദ്ദേഹം മധുവിധു വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് അലി മൂസ തിരിച്ചെത്തിയത്. അലിയെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.