ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനുള്ള ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ വീണ്ടും ജപ്പാന്‍ ഭീഷണി. പരീക്ഷണ സമയത്ത് മിസൈല്‍ വെടിവച്ചിടാന്‍ സൈന്യത്തിന് ജപ്പാന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മിസൈല്‍ പരീക്ഷണം നിയമവിരുദ്ധമാണെന്ന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ആരോപിച്ചിരിക്കുന്നതിനിടെയാണ് ജപ്പാന്‍റെ നീക്കം.
മിസൈല്‍ വെടിവച്ചിടാന്‍ ജപ്പാന്‍. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ തയ്യാറായതായി സൂചനയുണ്ട്. എന്നാല്‍ ജപ്പാന്‍റെ നടപടി യുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനാണ് ഉത്തരകൊറിയ തയ്യാറെടുക്കുന്നതെന്നാണ് അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ വാര്‍ത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് മാത്രമാണ് ലക്‍ഷ്യമിടുന്നതെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ നശിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുരക്ഷാ കൌണ്‍സില്‍ തീരുമാനിച്ചതായി ജപ്പാന്‍ ആഭ്യന്തര മന്ത്രി യാസുകശു ഹമാദ പറഞ്ഞു. ഉത്തര കൊറിയയില്‍ നിന്ന് എന്തെങ്കിലും പറന്നുയര്‍ന്നാല്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകിട്ട് വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വാര്‍ത്താവിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് പൂര്‍ണ്ണ സജ്ജമായതായി കഴിഞ്ഞ ദിവസവും ഉത്തരകൊറിയ അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്പെയ്സ് ടെക്നോളജീസ് ഏജന്‍സിയാണ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അറിയിച്ചത്.
എന്നാല്‍ ഏറ്റവും പുതിയ ടീപോഡോങ്-2 എന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമാണിതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ചൈനയുടെ പിന്തുണയോടെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. 2
006 ല്‍ 4200 മൈല്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്ക് മിസൈല്‍ പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം എന്നാണ് കരുതുന്നത്.