കമ്പ്യൂട്ടര്‍ മൌസിന്റെ പിതാവ് എംഗല്‍ബര്‍ട്ട് അന്തരിച്ചു

വ്യാഴം, 4 ജൂലൈ 2013 (17:17 IST)
PRO
PRO
കമ്പ്യൂട്ടര്‍ മൌസ് കണ്ടുപിടിച്ച ഡഗ്ലസ് എംഗല്‍ബര്‍ട്ട് അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന എംഗല്‍ബര്‍ട്ടിന്റെ മരണം അതെര്‍ട്ടണിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു. ഇമെയില്‍, വേര്‍ഡ് പ്രൊസസിംഗ്, വിഡിയോ കോണ്‍ഫറന്‍സ് എന്നിവയുടെ വികാസത്തിലേക്ക് നയിച്ച പ്രാരംഭ ഗവേഷണങ്ങള്‍ക്ക് പിന്നില്‍ എംഗല്‍ബര്‍ട്ട് ഉണ്ടായിരുന്നു.

കസ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനായിരുന്നു എംഗല്‍ബര്‍ട്ട്. അവിടെ അദ്ദേഹത്തിന് സ്വന്തമായി ഒരു ലബോറട്ടറിയും ഉണ്ടായിരുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച ആര്‍പ്പാനെറ്റ് വികസിപ്പിക്കുന്നതില്‍ എംഗല്‍ബര്‍ട്ടിന്റെ ലബോറട്ടറിയ്ക്കും പ്രധാന പങ്കുണ്ട്.

1925 ജനുവരി 30ന് പോര്‍ട്ട്‌ലാന്റിലാണ് എംഗല്‍ബര്‍ട്ടിന്റെ ജനനം. ഓറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എംഗല്‍ബര്‍ട്ട് ഇലക്ട്രിക്കല്‍ എഞ്ചീനിയറിംഗ് പഠിച്ചിറങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ റഡാര്‍ സാങ്കേതിക വിദഗ്ധനായും എംഗല്‍ബര്‍ട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങലും കമ്പ്യൂട്ടര്‍ രംഗത്തെ സംഭാവനകള്‍ക്ക് എംഗല്‍ബര്‍ട്ടിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി, ലെമന്‍സണ്‍-എം ഐ റ്റി പ്രൈസ് തുടങ്ങി അവാര്‍ഡുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക