കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി രാജിവച്ചു

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (21:07 IST)
PRO
PRO
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സി രാജിവച്ചു. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കയച്ചതിനെ തുടര്‍ന്നാണ് രാജി. ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്കയച്ചതില്‍ തെര്‍സി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നാവികരെ ഇന്ത്യയിലേക്ക് അയച്ചത്.

നാവികരെ ഇന്ത്യയിലേക്ക് തിരികെ അയച്ചതിന്റെ പശ്ചാത്തലത്തിലാണ് തന്റെ രാജിയെന്നും വിഷയത്തില്‍ താന്‍ പ്രകടിപ്പിച്ച ആശങ്ക മുഖവിലയ്‌ക്കെടുക്കപ്പെട്ടില്ലായെന്നും തെര്‍സി വ്യക്തമാക്കി.

കേരള തീരത്ത് രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ച് കൊന്നതിന്റെ പേരിലാണ് ഇറ്റാലിയന്‍ നാവികര്‍ പിടിയിലാകുന്നത്. പിന്നീട് ഇവര്‍ രണ്ട് തവണ ഇറ്റലിയിലേക്ക് പോയി. പുതുവത്സരം ആഘോഷിക്കാനായിരുന്നു ആദ്യ യാത്ര. പിന്നീട് ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ജാമ്യത്തില്‍ സൂപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇറ്റലിയിലേക്ക് പോയത്. ഇവര്‍ തിരിച്ചെത്തില്ലെന്ന് പിന്നീട് ഇറ്റലി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

ഇറ്റാലിയന്‍ സ്ഥാനപതിയ്ക്ക് യാത്രാ അനുമതി നിഷേധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനും ഇറ്റലിക്ക് വേണ്ടി രംഗത്തെത്തി. പക്ഷെ ശക്തമായ പ്രതിഷേധത്തിന്റെയും കടുത്ത ഇന്ത്യന്‍ നിലപാടിന്റയും പശ്ചാത്തലത്തിലാണ് നാവികര്‍ തിരികെയെത്തിയത്. ഇറ്റലിയില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടാണ് തെര്‍സിയുടെ രാജിയുണ്ടായത്.