അന്ന ചാപ്മാനു ശേഷം മറ്റൊരു റഷ്യന്‍ സെക്സി ചാരസുന്ദരി കൂടി യുഎസില്‍ പിടിയിലായി. റഷ്യയിലേക്ക് ആയുധ ഭാഗങ്ങള്‍ കടത്താന്‍ ശ്രമിച്ചതിനാണ് അന്ന ഫെര്‍മനോവ (24) എന്ന വനിത ടെക്സാസില്‍ പിടിയിലായത്.
ഡാലസ് പട്ടണത്തിനടുത്ത് താമസിക്കുന്ന ഫെമനോവ ഒരു ബ്യൂട്ടീഷനാണ്. യുഎസ് ആയുധ പട്ടികയിലുള്ള രാത്രികാലങ്ങളില്‍ ഉപയോഗിക്കാവുന്ന തരം (നൈറ്റ് വിഷന്‍) കണ്ണടകളും ടെലസ്കോപ്പുകളും റഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഫെര്‍മനോവയെ ജൂലൈ 15 ന് ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്ന ഇവരെ ഈ മാസം അവസാനത്തോടെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഇവരും യുഎസ് റഷ്യയ്ക്ക് കൈമാറിയ അന്ന ചാപ്മാനുമായി പരിചയമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍, ഫെര്‍മനോവയ്ക്ക് എതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് അവരുടെ അഭിഭാഷകന്‍ പറയുന്നു. ഫെര്‍മനോവ തന്റെ ഭര്‍ത്താവ് പറഞ്ഞത് അനുസരിച്ച് വേട്ടക്കാര്‍ക്ക് വില്‍ക്കാനായാണ് ശക്തിയേറിയ ടെലസ്കോപ്പും കണ്ണടകളും വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.