ഒബാമയെ പുടിന്‍ വിളിച്ചു; പ്രശ്നം പരിഹരിച്ചേക്കും

Webdunia
ശനി, 29 മാര്‍ച്ച് 2014 (12:41 IST)
PTI
PTI
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഫോണ്‍ സംഭാഷണം നടത്തി. ഇതോടെ ഉക്രെയിന്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രശ്നപരിഹാരം ലക്‌ഷ്യമാക്കി അമേരിക്ക സമര്‍പ്പിച്ച നയതന്ത്ര നിര്‍ദേശത്തില്‍ സാധ്യമായ എന്ത് നടപടി സ്വീകരിക്കുമെന്നതിനെ കുറിച്ചായിരുന്നു സംഭാഷണം.

ഉക്രെയിനില്‍ റഷ്യ സൈനിക ഇടപെടല്‍ നടത്തിയതിനുശേഷം ഇതാദ്യമായാണ് രണ്ട് രാഷ്ട്രത്തലവന്മാരും നേരിട്ട് ബന്ധപ്പെടുന്നത്. ഉക്രെയിനില്‍ റഷ്യയുടെ വന്പിച്ച സൈനിക സാന്നിധ്യം പാശ്ചാത്യ രാഷ്ട്രങ്ങളെ അലോസരപ്പെടുത്തിയിരുന്നു. ഉക്രെയിനിലെ റഷ്യന്‍ വംശജര്‍ നേരിടുന്ന ഭീഷണി കണക്കിലെടുത്താണ് തങ്ങള്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റഷ്യ സൈനിക ശക്തി വര്‍ധിപ്പിച്ചത്.

റഷ്യന്‍ ഭൂരിപക്ഷ പ്രദേശമായ ക്രിമിയ പിടിച്ചടക്കി റഷ്യ മുന്നേറിയതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അമേരിക്ക നയതന്ത്ര നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി സംഭാഷണം. അടുത്ത നടപടി വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ച‌ര്‍ച്ചകളാണ്.