ഒബാമയുടെ ഉത്തരവ് ലഭിച്ചാല്‍ സിറിയയില്‍ സൈനിക നടപടി തുടങ്ങുമെന്ന് ജോ ബൈഡന്‍

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (10:07 IST)
PRO
പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ സിറിയയില്‍ ഇടപെടലിന് സൈന്യം സന്നദ്ധമാണെന്നും വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. സിറിയ രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്നും അമേരിക്കന്‍ നേതൃത്വം അറിയിച്ചു.

സൈനിക നീക്കത്തെ ഏതുവിധേനയും ചെറുക്കുമെന്നാണ് സിറിയന്‍ ഭരണകൂടത്തിന്റെ നിലപാട്.ദമസ്‌കസില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് സിറിയയില്‍ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നത്.

അതേസമയം രാജ്യത്തിനു നേരെയുണ്ടാകുന്ന ഏത് ആക്രമണത്തിനെതിരെയും ശക്തമായി തിരിച്ചടിക്കുമെന്നും ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ തീരുമാനം. സൈനിക ബലത്തില്‍ തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുഅലെം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ പരിശോധന ബുധനാഴ്ചയും തുടരും. സുരക്ഷാ കാരണങ്ങളാല്‍ ചൊവ്വാഴ്ച പരിശോധന നടത്താന്‍ സംഘത്തിന് കഴിഞ്ഞില്ല. ഇതുവരെയുള്ള പരിശോധനകളില്‍ നിന്നും രാസായുധ പ്രയോഗം നടന്നതിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന.