ഐഎസ്ഐ തീവ്രവാദ ബന്ധം അവസാനിപ്പിക്കണം: യുഎസ്

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (12:44 IST)
ഐഎസ്‌ഐ തീവ്രവാദികളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാക് ചാരസംഘടന താലിബാന്‍, അല്‍-ക്വൊയ്ദ തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗിബ്സ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതിനെ കുറിച്ച് പാകിസ്ഥാന്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും താലിബാനും അല്‍-ക്വൊയ്ദയ്ക്കും കശ്മീരിലെ ലഷ്കര്‍-ഇ-തൊയ്ബയ്ക്കും പരസ്പരം ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. അഫ്ഗാനിലെ താലിബാന്‍ പോരാളികള്‍ക്ക് ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അഫ്ഗാനിലെ തീവ്രവാദികള്‍ക്ക് ആക്രമണം നടത്തുന്നതിന് സാമ്പത്തിക സൈനിക സഹായവും തന്ത്രപരമായ സഹായവും നല്‍കുന്നത് ഐ എസ് ഐ ആണെന്നാണ് ആരോപണം.

എന്നാല്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദികള്‍ക്ക്‌ പിന്തുണ നല്‍കുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്.