പാക് ആണവ ബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എ ക്യു ഖാന്‍റെ മോചനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ഖാനെ മോചിപ്പിച്ചത് സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ചൌധരി അഹമ്മദ് മുക്താര്‍ വെളിപ്പെടുത്തി.
എന്നാല്‍ ധാരണയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എപ്പോഴാണ് സര്‍ക്കാരും എ ക്യു ഖാനും തമ്മില്‍ ധാരണയിലെത്തിയതെന്നും മുക്താര്‍ വ്യക്തമാക്കിയില്ല.
എ ക്യു ഖാനെ മോചിപ്പിക്കാന്‍ ഇസ്‌ലാമാബാദ് കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. ഇറാന്‍, വടക്കന്‍ കൊറിയ, ലിബിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ രഹസ്യം ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് അഞ്ച് വര്‍ഷമായി വീട്ടുതടങ്കലിലായിരുന്നു ഖാന്‍. ഒരു സാധാരണ പൌരന്‍റെ എല്ലാ അവകാശങ്ങളും ഖാന് ഉണ്ടായിരിക്കുമെന്ന് മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എ ക്യു ഖാന്‍റെ മോചനത്തില്‍ അമേരിക്ക അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും മറ്റ് നയതന്ത്രജ്ഞരും കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. പാകിസ്ഥാന്‍റെ നടപടി പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായത്തെ ബാധിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.