ഇറാന്റെ ആണവ പദ്ധതി അംഗീകരിക്കില്ല: ഇസ്രയേല്‍

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2010 (09:52 IST)
യുഎന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മുന്നറിയിപ്പിനെയും അവഗണിച്ചുള്ള ഇറാന്റെ ആണവ പദ്ധതി അംഗീകരിക്കാനാവില്ല എന്ന് ഇസ്രയേല്‍. ഇറാന്റെ ആദ്യ ആണവ നിലയം ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇറാന്‍ ആണവ പദ്ധതികളില്‍ നിന്ന് പിന്‍‌മാറുന്നതിന് അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശക്തമായ സര്‍മ്മര്‍ദ്ദം ചെലുത്തണമെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ആണവ നിലയം ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഭാവിയില്‍ ആണവായുധ നിര്‍മ്മാണത്തിനും ഉപയോഗപ്പെടുത്തും എന്നാണ് യുഎസും ഇസ്രയേലും കരുതുന്നത്.

1974 ല്‍ ആണ് ഇറാന്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം റഷ്യന്‍ സഹായത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. തലസ്ഥാനമായ ടെഹ്‌റാന് തെക്ക് ബുഷര്‍ പട്ടണത്തില്‍ നിര്‍മ്മിച്ച ആണവ നിലയത്തിന് 20000 മെഗാവാട്ടോളം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇറാന് ആണവ ഇന്ധനം നല്‍കുന്നതും ഉപയോഗിച്ച ഇന്ധനം തിരികെ എടുക്കുന്നതും റഷ്യയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഇറാന്റെ ആദ്യ നിലയത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങുമെന്നാണ് ഇറാന്‍, റഷ്യന്‍ അധികൃതര്‍ പറയുന്നത്.