അമേരിക്ക-സിറിയ യുദ്ധം ഉണ്ടായാല്‍ പെട്രോള്‍ വില 95 രൂപയിലെത്തുമെന്ന് മുന്നറിയിപ്പ്

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (08:48 IST)
PRO
PRO
അമേരിക്ക-സിറിയ യുദ്ധം ഉണ്ടായാല്‍ ഇന്ത്യയില്‍ പെട്രോള്‍ വില 95 രൂപയിലെത്തുമെന്ന് മുന്നറിയിപ്പ്. അമേരിക്ക സിറിയെ ആക്രമിച്ചാല്‍ ഒരു ബാരല്‍ പെട്രോളിയത്തിന്റെ വില 150 ഡോളറിലെത്തുമെന്നാണ് കരുതുന്നത്.

രൂപയുടെ മൂല്യം എക്കാലത്തേയും പരിതാപകരമായ നിലയിലാണ് ഇപ്പോള്‍. ഈ അവസ്ഥയില്‍ അമേരിക്ക-സിറിയ യുദ്ധം ഉണ്ടായാല്‍ ഇന്ത്യന്‍ സാമ്പത്തിക നില കൂടുതല്‍ മോശമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

സിറിയക്കെതിരായ അമേരിക്കന്‍ ആക്രമണം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാ‍ക്കും. ഇറാഖ് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു പോലും പെട്രോളിയം ഖനനം പ്രതീക്ഷിച്ച തോതില്‍ നടക്കില്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

പെട്രോളിയം മേഖലയിലെ വിദഗ്ധനായ മൈക്കല്‍ വിറ്റ്‌നറാണ് സിറിയന്‍ പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്ക അറിയിച്ചത്. ആക്രമണത്തിനെപ്പറ്റിയുള്ള അസ്ഥിരാവസ്ഥയും പെട്രോളിയം ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അടുത്ത ആഴ്ച്ചയോടെ സിറിയക്കെതിരെ അമേരിക്ക ആക്രമണം നടത്തുമെന്നാണ് പ്രചാരം.