അമേരിക്കയില്‍ ലാന്‍‌ഡിങ്ങിനിടെ വിമാനം തകര്‍ന്നു

Webdunia
ചൊവ്വ, 23 ജൂലൈ 2013 (14:10 IST)
PRO
PRO
അമേരിക്കയില്‍ ലാന്‍‌ഡിങ്ങിനിടെ വിമാനം തകര്‍ന്ന് പത്ത് പേര്‍ക്ക് പരുക്കേറ്റു. 143 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ എത്തിയ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സാണ് അപകടത്തില്‍ പെട്ടത്.

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ മുന്‍ചക്രം തകര്‍ന്ന് റണ്‍വെയില്‍ നിന്നും തെന്നി മാറി സമീപത്തെ പുല്‍മേടിലേക്ക് കയറുകയായായിരുന്നു. ടെന്നസിയിലെ നാഷ്‌വില്ലയില്‍നിന്നും പുറപ്പെട്ട വിമാനത്തില്‍ 143 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 149 പേരുണ്ടായിരുന്നു.

വിമാനം തകര്‍ന്നുടനെ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഫോം സ്‌പ്രേ ചെയ്ത് അപകടമില്ലെന്ന് ഉറപ്പു വരുത്തി. അടുത്തിടെ ദക്ഷിണ കൊറിയന്‍ വിമാനം സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചിരുന്നു.

പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും വിമാനപകടത്തെ കുറിച്ച് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം നടത്തുമെന്നും എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ ടോം ബോസ്‌കോ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടെങ്കിലും പിന്നീട് തുറന്നു.