അഫ്ഗാനിസ്ഥാനില്‍ അസോസിയേറ്റ് പ്രസ്സിന്റെ വനിതാ ഫോട്ടോഗ്രാഫര്‍ വെടിയേറ്റ് മരിച്ചു

Webdunia
ശനി, 5 ഏപ്രില്‍ 2014 (10:09 IST)
PRO
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ വനിതാ ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഗുരുതര പരുക്കേറ്റു.

ജര്‍മന്‍കാരിയായ ആനിയ നീഡ്രിങ്ഹൗസ് (48) ആണ് കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍. കൂടെയുണ്ടായിരുന്ന അസോസിയേറ്റഡ് പ്രസ്സിന്റെ പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ മേഖലയിലെ പ്രത്യേക ലേഖിക കാത്തി ഗാനണന് വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഖോസ്റ്റ് പ്രവിശ്യയിലെ ട്രാനെ നഗരത്തിലാണ് സംഭവം. താലിബാന്റെ ശക്തികേന്ദ്രമായി പാകിസ്ഥാനിലെ വസീരിസ്താന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണിത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്ന സംഘത്തിന് പിന്നാലെ മറ്റൊരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റത്.

മുന്‍പിലുള്ള വാഹനം നീങ്ങാന്‍ കാത്തുനില്ക്കവേ പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നുവന്ന് ഇവര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ചശേഷം ഇയാള്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങി. തെറ്റിദ്ധാരണമൂലമാകാം പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു.

അന്താരാഷ്ട്ര മീഡിയ ഫൗണ്ടേഷന്റെ ധീരമായ പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2002 ലാണ് അവര്‍ എ.പിയില്‍ ചേരുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നീമാന്‍ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ജോലിയിലെ മികവിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ പുലിസ്റ്റര്‍ സമ്മാനം നേടിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് ആനിയ നീഡ്രിങ്ഹൗസ്.