അഫ്ഗാനില്‍ 21 പൊലീസുകാര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2009 (17:32 IST)
കാണ്ടഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒരു പൊലീസ് പരിശീലന കേന്ദ്രത്തില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 21 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഒമ്പത് പേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാവിലെ ഉറുസ്ഖാന്‍ പ്രവിശ്യയിയാണ് സംഭവം. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി പ്രവിശ്യയിലെ പൊലീസ് ചീഫ് ജുമാ ഗുല്‍ ഹിമാത് പറഞ്ഞു. പൊലീസ് വേഷത്തിലാണ് ആക്രമണകാരി പരിശീലന കേന്ദ്രത്തില്‍ പ്രവേശിച്ചത്.

തലിബാന്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള അക്രമണം തുടരുമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫോണ്‍സന്ദേശത്തില്‍ താലിബാന്‍ നേതാവ് ക്വറി യൂസഫ് അഹ്‌മദി പറഞ്ഞു. അഫ്ഗാന്‍റെ തെക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താലിബാന്‍ ആക്രമണം ശക്തമാണ്.

കഴിഞ്ഞ വര്‍ഷം 868 പൊലീസുകാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2007ല്‍ ആയിരത്തോളം പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.