അനധികൃത കുടിയേറ്റക്കാര്‍ ദുരിതത്തില്‍

Webdunia
വ്യാഴം, 17 ജൂലൈ 2008 (10:48 IST)
ഇന്ത്യന്‍ വംശജരെ അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയറാന്‍ സഹായിക്കുന്ന ഗൂഡ സംഘത്തെ ബി ബി സി വെളിച്ചത്ത് കൊണ്ടു വന്നു. കൂടുതലും പഞ്ചാബികളെ ആണ് ഇവര്‍ അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി ഇവര്‍ക്ക് രാജ്യത്ത് തൊഴില്‍ നേടിയെടുക്കാനും ഈ സംഘം സഹായിക്കുന്നു. കുടിയേറിവര്‍ക്ക് കുറഞ്ഞ ശമ്പളവും, അപകടകരമായ ജോലികളുമാണ് ലഭിക്കുന്നത്. മികച്ച താമസ സൌകര്യവും അനധികൃതമായി കുടിയേറിയ
ഇവര്‍ക്ക് നല്‍കാറില്ല.

പടിഞ്ഞാറന്‍ ലണ്ടനിലെ സൌത്ത് ഹാളിന്‍റെ പ്രാന്തത്തിലാണ് ഈ സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. സംഘത്തിലുളളവര്‍ പഞ്ചാബി സംസാരിക്കുന്നതും അനധികൃത സേവനങ്ങള്‍ക്ക് പണം വാങ്ങുന്നതും പാസ്പോര്‍ട്ടും നാഷണല്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡും മറ്റും കൈമാറുന്നതും ബി ബി സി ദൃശ്യങ്ങളിലൂടെ വ്യക്തമായി.

നിരവധി അനധികൃത തൊഴിലുകള്‍, തരം താണ താമസ സൌകര്യങ്ങള്‍, വ്യാജ രേഖകളുടെ വില്പന എന്നിവയും ബി ബി സിയുടെ അന്വേഷണത്തില്‍ വെളിച്ചത്തായി. താമസ സ്ഥലങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം ആള്‍ക്കാരാണ് താമസിക്കുന്നത്.