ലോകസിനിമയുടെ രണ്ടാം ദിനം

Webdunia
PRO
മേളയുടെ രണ്ടാം ദിവസം ലോകസിനിമ വിഭാഗത്തില്‍ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ബ്ലൈന്റ്‌നസ്‌, ഉല്‍ശന്‍, ത്രീ മങ്കീസ്‌, രാമചന്ദ് പാകിസ്‌താനി എന്നിവ ശ്രദ്ധേയമാകുന്ന ചിത്രങ്ങളാണ്‌. നാല്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സിറ്റി ഓഫ്‌ ഗോഡ്‌ സംവിധാനം ചെയ്‌ത ഫെര്‍നാനോ മെരേല്ലസ്സിന്‍റെ ചിത്രമാണ്‌ ബ്ലൈന്‍ഡ്‌നസ്സ്‌. നൊബേല്‍ സമ്മാനം നേടിയ ഷൂസെ സരമാഗോയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരമാണിത്‌.

വാള്‍ക്കര്‍ ഷുലോണ്‍ഡ്രോപ്പിന്‍റെ ഉല്‍ശന്‍ ആണവ വികിരണമുള്ള പ്രദേശത്തിലൂടെ ലക്‍ഷ്യത്തിലേയ്‌ക്ക്‌ പ്രയാണം ചെയ്യുന്ന ചാള്‍സിന്‍റെയും ഉല്‍ശന്‍റെയും കഥയാണ്‌.

ഇക്കൊല്ലത്തെ കാന്‍ ഫെസ്റ്റിവല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ നൂറിസെയ്‌ലന്‍റെ ‘ത്രീ മങ്കീസ്‌’, ഒരു കുടുംബത്തിലെ രഹസ്യം മറച്ചുവെച്ച്‌ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷതേടുന്നവരുടെ കഥയാണ്‌ പറയുന്നത്‌.

മറ്റുള്ളവരെ വേദനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സാന്ദ്രയെന്ന പെണ്‍കുട്ടിയെ പിന്‍തുടരുകയാണ്‌ ഒളിവര്‍ അസ്സായസിന്‍റെ ബോര്‍ഡിംഗ്‌ ഗേറ്റ്‌.

പാകിസ്‌താന്‍റെ അതിര്‍ത്തി പ്രദേശത്തെ ഒരു ഹിന്ദു കുടുംബത്തിന്‍റെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളെ വരച്ചുകാട്ടുന്ന രാമചന്ദ്ര പാകിസ്‌താനി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ്‌. മെഹ്‌റീന്‍ ജബ്ബാറാണ്‌ സംവിധായകന്‍.

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മുമ്പ്‌ പുരസ്‌കാരം നേടിയിട്ടുള്ള അബുസെയ്‌ദിന്‍റെ രൂപാന്തറിന്‍റെ ആദ്യപ്രദര്‍ശനവും ഇന്നു നടക്കും.

സമകാലീക പ്രതിഭാ വിഭാഗത്തില്‍ ഫത്തിക്‌ അകിന്‍റെ ഹെഡ്‌ ഓണും ക്രോസിംഗ്‌ ദി ബ്രിഡ്‌ജ്‌ ഉം ശനിയാഴ്‌ച പ്രദര്‍ശിപ്പിക്കും.

സംഗീതത്തെ പ്രമേയവത്‌കരിച്ച തുര്‍ക്കി ചിത്രമാണ്‌ ക്ലോസിംഗ്‌ ദി ബ്രിഡ്‌ജ്‌. റിട്രോ വിഭാഗത്തില്‍ അലന്‍ റെനെയുടെ ഗോര്‍ണിക്ക, ഹിരോഷിമ മൈ ലവ്‌, സ്റ്റാവിസ്‌കി എന്നിവയും ഇസ്രേയല്‍ ദേശീയതയെ ചോദ്യം ചെയ്‌തതിലൂടെ വിമര്‍ശനം ഏറ്റുവാങ്ങിയ അമോസ്‌ ഗിതായി സംവിധാനം ചെയ്‌ത കേദ്‌മയും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

‘അമ്പതുവര്‍ഷത്തെ നാഴികകല്ല്’ വിഭാഗത്തില്‍ ലൂയി ബിനുവലിന്‍റെ നസാറിനും ബെര്‍ട്ട്‌ ഹാന്‍സ്‌ത്രായുടെ ഗ്ലാസും ശനിയാഴ്‌ചയുണ്ട്‌.