രേവതി പട്ടത്താനം

Webdunia
SASI
കോഴിക്കോട്ടെ സാമൂതിരി രാജാക്കന്‍‌മാര്‍ മുമ്പ് കാലത്ത് നടത്തിയിരുന്ന വിദ്വല്‍ സദസ്സാണ് രേവതീ പട്ടത്താനം എന്ന പേരില്‍ അറിയപ്പെടുന്നത്. തുലാമാസത്തിലെ രേവതി നക്ഷത്രത്തില്‍ നടക്കുന്നതു കൊണ്ട് രേവതി എന്ന പേരുവന്നു.

പട്ടത്താനം എന്നത് ഭട്ടദാനം എന്നതിന്‍റെ തല്‍ഭവ രൂപമാണ്. സദസ്സില്‍ പങ്കെടുത്ത് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സാമൂതിരിമാര്‍ ‘ഭട്ട‘സ്ഥാനം നല്‍കിയിരുന്നു. ഏഴുദിവസത്തെ ചടങ്ങായിട്ടാണ് സാമൂതിരിമാര്‍ രേവതിപട്ടത്താനമെന്ന വാര്‍ഷിക വിദ്വല്‍‌സദസ്സ് നടത്തിയിരുന്നത്. ഇതിനു വേദിയായിരുന്നത് കോഴിക്കോട്ടെ തളി മഹാദേവ ക്ഷേത്രമായിരുന്നു.

അവിടെ എത്തുന്ന മലയാള ബ്രാഹ്മണര്‍ - നമ്പൂതിരിമാര്‍ - വേദം, ശാസ്ത്രം, പുരാണം എന്നിവയെ കുറിച്ച് വാദം നടത്തുകയും ജയിക്കുന്നവര്‍ക്ക് സാമൂതിരി സമ്മാനമായി പണക്കിഴി നല്‍കുകയും ചെയ്യുക പതിവായിരുന്നു.

ഇവയെ 108 ആയി വിഭജിച്ചായിരുന്നു വാദവും പ്രതിവാദവും നടത്തിയിരുന്നത്. അതുകൊണ്ട് 108 കിഴികളാണ് സമ്മാനപ്പണമായി നല്‍കിയിരുന്നത്. ഏറ്റവും വയസ്സനായ പണ്ഡിതന് ഒരു പണക്കിഴി വിശേഷാല്‍ നല്‍കുകയും ചെയ്തിരുന്നു.

രേവതീ പട്ടത്താനത്തെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരിക ഉദ്ദണ്ഡ ശാസ്ത്രികളേയും കാക്കശ്ശേരി ഭട്ടതിരിയേയുമാണ്.
കാലം ചെന്നപ്പോള്‍ നമ്പൂതിരിമാരില്‍ യോഗ്യരായ പണ്ഡിതരും വിദ്വാന്‍‌മാരും ഇല്ലാതായി. അപ്പോള്‍ പരദേശ ബ്രാഹ്മണര്‍ ഈ മത്സരത്തെ പറ്റി കേട്ട് എത്തുകയും അവരും പല സമ്മാനങ്ങളും വാങ്ങുകയും ചെയ്തു.

പിന്നീടിത് പരദേശി ബ്രാഹ്മണരുടെ കുത്തകയായി മാറി. ഒടുവിലാണ് പരദേശി ബ്രാഹ്മണരുടെ കൂട്ടത്തില്‍ ഉദ്ദണ്ഡന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പോന്ന ഒരു ശാസ്ത്രി ബ്രാഹ്മണന്‍ സര്‍വ്വജ്ഞനും വാഗീശനും കവികുല ശിഖാമണിയുമായി വളരുകയും എല്ലാ സമ്മാനങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തത്.

തമിഴ്നാട്ടില്‍ നിന്ന് വന്ന ഉദ്ദണ്ഡ ശാസ്ത്രികളായിരുന്നു മലയാളികളായ പണ്ഡിതന്‍‌മാരെ മുഴുവന്‍ മത്സര പരീക്ഷയില്‍ നിലം‌പരിശാക്കി വളരെ വര്‍ഷങ്ങളായി വിജയിച്ചു പോന്നത്.

ആ ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ മലയാളി നമ്പൂതിരിമാര്‍ എല്ലാവരും ചേര്‍ന്ന് കാക്കശ്ശേരി ഭട്ടതിരിയെ തയ്യാറാക്കിയെടുത്തു എന്നും അദ്ദേഹം മത്സരത്തില്‍ ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിച്ചു എന്നുമാണ് കഥ.

SASI
സാമൂതിരി വിദ്വല്‍ സദസ്സിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ‘താരില്‍ത്തനെ കടാക്ഷാഞ്ചല മധുപ കുലാരാമ രാമാ ജനാനം...’ എന്നു തുടങ്ങുന്ന കവിതയിലെ അവസാന ഭാഗമായ ‘ഹന്ത കല്‍പ്പാന്ത തോയേ...’ എന്ന വാക്കുകളെ പ്രശംസിച്ച് ‘അന്ത ഹന്തയ്ക്ക് ഇന്ത പട്ട്’ എന്ന് പറഞ്ഞ് തനിക്കു സമ്മാനമായി കിട്ടിയ വിലകൂടിയ പട്ട് പുനം നമ്പൂതിരിക്ക് ഉദ്ദണ്ഡ ശാസ്ത്രികള്‍ സമ്മാനിച്ചതായി മറ്റൊരു കഥയുണ്ട്.

രാജഭരണ ശേഷം പട്ടത്താന ചടങ്ങുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തളി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സാമൂതിരി കോളേജ് ഹൈസ്കൂളിലെ ഗുരുവായൂരപ്പന്‍ ഹാളാണ്‍് ഇപ്പോള്‍ വിദ്വല്‍ സദസ്സിന്‍റെ പ്രധാന വേദി.

പട്ടത്താന സദസ്സ് തുടങ്ങുന്നതിനു മുമ്പായി സാമൂതിരി രാജാവ് ഒരു പണ്ഡിതന് പണക്കിഴി സമ്മാനമായി നല്‍കും. ഇപ്പോള്‍ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് തളി ക്ഷേത്രത്തിലെ പട്ടത്താന സദസ്സില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്വാനാണ് സാമൂതിരി രാജാവ് സമ്മാനപ്പണം നല്‍കുക.

ഈ ചടങ്ങ് രാവിലെ എട്ടുമണിക്കാണ്. ഒമ്പതര മണിയോടെ പട്ടത്താന ശാലയിലേക്ക് തളി ക്ഷേത്രത്തില്‍ നിന്ന് ആചാരപ്രകാരമുള്ള എഴുന്നള്ളത്ത് ഉണ്ടായിരിക്കും. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആന, താലപ്പൊലി, പഞ്ചവാദ്യം, വാളേന്തിയ കളരിക്കാര്‍ എന്നിവ എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കും. ആദ്ധ്യാത്മിക പ്രഭാഷണം, വാക്യാര്‍ത്ഥ സദസ്സ്, അക്ഷരശ്ലോക സദസ്സ് എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും നടക്കാറ്.

ഇതോടൊപ്പം സാമൂതിരി മികച്ച രചയിതാവിന് കൃഷ്ണഗീതി പുരസ്കാരവും മികച്ച ക്ഷേത്ര കലാകാരന് സമ്മാനവും നല്‍കും. ഇക്കൊല്ലം നാരായണന്‍റെ കയ്പ്പും മധുരവും എന്ന കവിതാ സമാഹാരത്തിനാണ് കൃഷ്ണഗീതി പുരസ്കാരം. 5,001 രൂപയാണ് സമ്മാനം.

മികച്ച കലാകാരന് 3,001 രൂപയും പ്രശംസാ പത്രവും ഫലകവും സമ്മാനിക്കും. 2007 ലെ രേവതി പട്ടത്താനത്തിന് ഗായകന്‍ കെ.ജെ.യേശുദാസാണ് മുഖ്യാതിഥിയായി പങ്കെടുക്കുകയും സദസ്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നത്.

സാമൂതിരി പി.കെ.എസ് രാജ അധ്യക്ഷനായിരിക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, രേവതീ പട്ടത്താനം സമിതി പ്രസിഡന്‍റ് സര്‍വ്വോത്തമന്‍ നെടുങ്ങാടി, സെക്രട്ടറി പി.കെ.കൃഷ്ണനുണ്ണി രാജ എന്നിവര്‍ പങ്കെടുക്കും.