പഴശ്ശിരാജയെ വീരനായകനാക്കി ചിത്രീകരിച്ച എംടി - ഹരിഹരന്‍ ടീമിന്റെ ‘കേരളവര്‍മ പഴശ്ശിരാജ’ എന്ന ബ്രഹ്മാണ്ഡസിനിമ കേരളക്കരയിലെങ്ങും ചരിത്രം സൃഷ്ടിക്കുകയാണ്. വൈദേശികാധിപത്യത്തിനെതിരെ പടവാളുയര്‍ത്തിയ ആദ്യത്തെ സ്വാതന്ത്ര്യസമരക്കാരില്‍ ഒരാളായാണ് എംടിയും ഹരിഹരനും പഴശ്ശിരാജയെ ചിത്രീകരിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് എന്ന തത്വം പഴശ്ശിരാജയുടെ ചരിത്രകഥയിലും അന്വര്‍ത്ഥമെത്രെ. കാരണം, സിനിമയിലെ പഴശ്ശിയും യഥാര്‍ത്ഥ പഴശ്ശിയും തീര്‍ത്തും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്.
പഴശ്ശിരാജയെ പറ്റിയും അന്നത്തെ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക ചുറ്റുപാടുകളെ പറ്റിയും പഠനം നടത്തിയിട്ടുള്ള ചരിത്രകാരന്മാരില്‍ പലരും പഴശ്ശിയെ വീരനായകനാക്കാന്‍ സമ്മതിക്കുന്നില്ല. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി, മറ്റുള്ളവരെ കുരുതിനല്‍കിക്കൊണ്ട്, ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ഒരു നാട്ടുമാടമ്പിയായിട്ടാണ് പല ചരിത്രകാരന്മാരും പഴശ്ശിയെ കണക്കാക്കുന്നത്. അങ്ങനെയുള്ള പഴശ്ശിയെവിടെ, സിനിമയിലെ ധീരനായകനായ പഴശ്ശിയെവിടെ?
“ടിപ്പുവിനെ തോല്‍പ്പിക്കുന്നതിന് ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയില്‍ അധ്വാനിച്ചു നടന്നയാളാണ് പഴശ്ശിരാജ. ടിപ്പുവിന്റെ തോല്‍വിക്കുശേഷം വാക്കു പ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങള്‍ തനിക്കു നല്‍കാതെ, തന്റെ അമ്മാവനു കൊടുത്തുവെന്ന കേസിനാണ് പഴശ്ശിത്തമ്പുരാന്‍ ദേശീയവിപ്ലവം നടത്തുന്നത്. ഇംഗ്ലീഷുകാരെ ആദ്യാന്തം എതിര്‍ത്ത ടിപ്പുവിന്റെ ചരിത്രത്തില്‍ പഴശ്ശി എങ്ങനെ വരും?” എന്നാണ് ‘ടിപ്പുസുല്‍ത്താന്‍’ എന്ന പുസ്തകത്തില്‍ പ്രമുഖ ചരിത്രകാരനായ പികെ ബാലകൃഷ്ണന്‍ ചോദിക്കുന്നത്.
പഴശ്ശിരാജയെ പറ്റി പറയുമ്പോള്‍ ടിപ്പുസുല്‍ത്താനെ പറ്റിയും പറയേണ്ടിവരും. പഴശ്ശിത്തമ്പുരാന്റെ ചരിത്രമാരംഭിക്കുന്നത് ടിപ്പുസുല്‍ത്താനില്‍ നിന്നാണ്. ടിപ്പുസുല്‍ത്താനെ മലബാറില്‍ നിന്നു തുരത്തിയാല്‍ രാജ്യം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷുകാരില്‍ നിന്നുള്ള മാലിഖാന്‍ പദവിയും സാമന്ത പദവിയുമായിരുന്നു കേരളസിംഹമെന്ന് ചരിത്രപുസ്തകങ്ങളില്‍ ഇരട്ടപ്പേരുള്ള പഴശ്ശിരാജാവിന്റെ മോഹം. ആ പഴശ്ശിരാജയെയാണ് ഇപ്പോള്‍ എല്ലാവരും കൂടി സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കുന്നത്.
എന്നാല്‍ എംടിയും ഹരിഹരനും ചേര്‍ന്ന് പഴശ്ശിരാജയുടെ സ്വാര്‍ത്ഥതയ്ക്ക് വെള്ളപൂശിയിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ പഴശ്ശി നടത്തിയ എണ്ണിയാലൊടുങ്ങാത്ത കുരുതികളെ സ്വാതന്ത്ര്യസമരമായും പഴശ്ശിരാജ എന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ച ഒരു രാജാവ് എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ ദേശീയപ്രതീകമാകുന്നത്?
ബ്രിട്ടീഷുകാരുടെ കാല്‍നക്കികളായ നാടുവാഴികളെയും ഇംഗ്ലീഷ് മേധാവികളെയും നഖശിഖാന്തം എതിര്‍ത്ത്, പഴശ്ശിരാജാവിനൊപ്പം പടനയിച്ച ഉണ്ണിമൂസ എന്നൊരു ചരിത്രകഥാപാത്രം ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ പഴശ്ശിരാജയില്‍ വേണ്ടുംവണ്ണം അവതരിപ്പിച്ചിട്ടില്ല. എംടിയുടെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്തത്ര ചെറിയ വ്യക്ത്വിത്വമായിരുന്നോ ഉണ്ണിമൂസയെന്ന മാപ്പിള യോദ്ധാവിന്റേത്?
അടുത്ത പേജില്‍ - ഒളിയുദ്ധത്തിന്റെ ഉപജ്ഞാതാവ് പഴശ്ശിരാജയായിരുന്നില്ല!
PRO
“ടിപ്പുവിന്റെ തിരോധാനത്തോടെ കളരിയഭ്യാസികള്‍ക്കും യോദ്ധാക്കള്‍ക്കും സ്വൈര്യമായി കഴിഞ്ഞുകൂടാന്‍ സാധിക്കാതെയായി. നാടുവാഴികളും ഇംഗ്ലീഷ് മേധാവികളും കളരിയഭ്യാസികളായ മാപ്പിളമാരെ തേടിപ്പിടിച്ചുകൊണ്ടിരുന്നു. ടിപ്പുവിനെ സഹായിച്ചു എന്ന ഒറ്റക്കാരണത്താല്‍ പകപോക്കാന്‍ ഇംഗ്ലീഷുകാര്‍ ഒരുങ്ങി. ഗത്യന്തരമില്ലാതെ, മാപ്പിളമാര്‍ എതിരിടാന്‍ തന്നെ തീരുമാനിച്ചു. അടിമകളായി ജീവിക്കുവാന്‍ ആശയില്ലാത്ത മാപ്പിളയോദ്ധാക്കള്‍, അക്കാലത്തെ ഏറ്റവും വലിയ കളരിഗുരുക്കളായ എളംപുലാശ്ശേരി ഉണ്ണിമൂസയുടെ കീഴില്‍ അണിനിരന്നു. 1791 മുതല്‍ ആരംഭിച്ച ഈ സമരത്തില്‍ ഇംഗ്ലീഷുകാര്‍ പരാജിതരായെന്ന് ഇംഗ്ലീഷ് ചരിത്രകാരന്‍മാര്‍ പോലും സമ്മതിക്കുന്നു” എന്നാണ് ‘ചരിത്രവും സംസ്കാരവും’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ പിഎ സെയ്തുമുഹമ്മദ് എഴുതിയിരിക്കുന്നത്.
ഒളിഞ്ഞിരുന്ന് ആക്രമിച്ച് ശത്രുവിനെ തറപറ്റിക്കുക എന്ന യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പഴശ്ശിരാജയെയാണ് എംടിയും ഹരിഹരനും സിനിമയില്‍ വിശേഷിപ്പിക്കുന്നത്. ഉണ്ണിമൂസയടക്കം പലരും അനുവര്‍ത്തിച്ചിരുന്ന ഒളിയുദ്ധത്തിന്റെ പിതാവായി പഴശ്ശിരാജയെ ചിത്രീകരിക്കാന്‍ എംടിക്ക് എന്തിനിത്ര വ്യഗ്രത? ഉണ്ണിമൂസയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രട്ടീഷുകാര്‍ 5000 ക. ഇനാം പ്രഖ്യാപിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. പഴശ്ശിക്കൊപ്പമോ അല്ലെങ്കില്‍ അതിനും മുകളിലോ നില്‍ക്കേണ്ട ഉണ്ണിമൂസയെ എംടി എന്തിന് അവഗണിച്ചു?
ബ്രിട്ടീഷുകാര്‍ പിടിക്കും എന്ന് ഉറപ്പായപ്പോള്‍ കയ്യില്‍ കിടന്ന വജ്രമോതിരം വിഴുങ്ങി പഴശ്ശിരാജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. എന്നാല്‍ പഴശ്ശിയെ ധീരോദാത്തനായകനാക്കാനായി ഏറ്റുമുട്ടലില്‍ കൊല്ലുകയാണ് എംടി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ചരിത്രം പറയുന്ന എടച്ചെന കുങ്കന്‍ ആത്മഹത്യ ചെയ്തതായും സിനിമയില്‍ കാണിച്ചിരിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഈ ഗൌരവതരമായ വീഴ്ചയ്ക്ക് കാരണം.
ചരിത്രം ഏതാണ്ട് ഇങ്ങനെയാണ്. ടിപ്പുവിന്റെ തോല്‍വിക്കുശേഷം വാക്കു പ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങള്‍ തനിക്കു നല്‍കാതെ, തന്റെ അമ്മാവനു കൊടുത്തുവെന്ന കാരണത്താല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ തിരിയുന്നു. ഉണ്ണിമൂസ മൂപ്പന്‍ പഴശ്ശിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആര്‍തര്‍ വെല്ലസ്ലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം വയനാട്ടിലേക്ക് വന്നെങ്കിലും തലക്കല്‍ ചന്തുവും എടച്ചേരി കുങ്കനും നയിച്ച പോരാട്ടത്തില്‍ പനമരം കോട്ട പഴശ്ശിരാജ പിടിച്ചെടുത്തു.
തലശ്ശേരി സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വി ബാബര്‍, പഴശ്ശിക്ക് ആയുധം നല്‍കിയിരുന്ന മാപ്പിളമാരെ വേട്ടയാടാന്‍ തുടങ്ങിയതോടെ പഴശ്ശിയും അനുയായികളും കാട്ടിലൊളിച്ചു. തുടര്‍ന്ന് തലക്കല്‍ ചന്തുവിനെ പിടികൂടി കഴുത്തറുത്തുകൊന്നു. പഴശ്ശിയുടെ സങ്കേതം തോമസ് ഹാര്‍വി ബാബര്‍ വളഞ്ഞു. കണാരന്‍ മേനോന്‍ എന്ന ബ്രിട്ടീഷ് ചാരനാണ് പഴശ്ശിയെ ഒറ്റുകൊടുത്തത്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ മാവിലത്തോട് അരുവിയുടെ തീരത്ത് വജ്രമോതിരം വിഴുങ്ങി പഴശ്ശിരാജ ജീവനൊടുക്കി. ബ്രിട്ടീഷ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ എടച്ചെന കുങ്കന്‍ കൊല്ലപ്പെടുകയും ചെയ്തു.
‘വയനാടിനെ എല്ലാവരും ചൂഷണം ചെയ്യുകയായിരുന്നു’ എന്നാണ് സിനിമയിലെ പഴശ്ശിരാജ പറയുന്നത്. ടിപ്പുസുല്‍ത്താനോ ബ്രിട്ടീഷുകാരോ സ്വന്തം അമ്മാവനോ വയനാട് ഭരിച്ചാല്‍ അത് ചൂഷണവും താന്‍ ഭരിച്ചാല്‍ അത് വികസനവും! ഇതെന്ത് ന്യായമാണ്? ടിപ്പുവിനെതിരെ ബ്രിട്ടീഷ് സഹായം ആവോളം അനുഭവിച്ച പഴശ്ശിക്ക് പിന്നെ ബ്രിട്ടീഷുകാരെയും വേണ്ടാതായി. ഇതായിരുന്നു ചരിത്രസത്യം. ഈ ചരിത്രസത്യമാണ് സിനിമയില്‍ വളച്ചൊടിക്കപ്പെടുന്നതും നാട്ടുമാടമ്പി ആയിരുന്ന പഴശ്ശിരാജ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യ പോരാളികളില്‍ ഒരാളായി മാറുന്നതും!