തമിഴകത്ത് പൊങ്കലിന്‍ നിറച്ചാര്‍ത്ത്

Webdunia
വ്യാഴം, 14 ജനുവരി 2010 (10:33 IST)
PRO
തമിഴ്നാട്ടില്‍ ഇനി പൊങ്കല്‍ ആഘോഷ ദിനങ്ങള്‍. മതപരമായ പരിവേഷമില്ലാത്ത പൊങ്കല്‍ തൈമാസത്തിന്‍റെ തുടക്കത്തിലാണ് ‍. എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ അകമഴിഞ്ഞ് ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാര്‍ഷികോത്സവമാണിത്.

നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ആദ്യ ദിനം ബോഗി പൊങ്കല്‍. ഇത് മകരസംക്രമദിവസമാണ്. മകരം 1ന് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍. മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍. നാലാം ദിവസം കാണപ്പൊങ്കല്‍

മലയാള നാട്ടില്‍ ചിങ്ങമെത്തുമ്പോള്‍ പഞ്ഞക്കര്‍ക്കിടകത്തെ പുറത്താക്കാന്‍ നടക്കുന്ന ശുദ്ധീകരണ ചടങ്ങുകള്‍ക്ക് സമാനമാണ് ബോഗി പൊങ്കല്‍. 'പൊട്ടി പുറത്ത് ശീവോതി അകത്ത്' എന്ന സങ്കല്പമാണ് ബോഗി പൊങ്കലിന്‍റെത്. ഈ ദിനത്തില്‍, വീട്ടിലെ പാഴ്വസ്തുക്കളും അനാവശ്യ സാധനങ്ങളും തൂത്തുപെറുക്കി കത്തിച്ചു കളയുന്നു.

ആദ്യത്തെ പൊങ്കല്‍ ദിനം ശ്രീകൃഷ്ണനെയോ മഴയുടെ ദേവനായ ഇന്ദ്രനേയോ സ്മരിച്ചുള്ളതാണ്. എണ്ണതേച്ച് വിസ്തരിച്ചൊരു കുളി, ഉച്ചയ്ക്കു മൃഷ്ടാന്ന ഭോജനം. വൈകിട്ട് ശുദ്ധികലശവും നടത്തി തീ കത്തിക്കല്‍. ഇതാണ് ബോഗി പൊങ്കലിന്‍റെ സവിശേഷതകള്‍

മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍. മാട്ടുപ്പൊങ്കല്‍ മാടുകള്‍ക്ക്. (കന്നുകാലികള്‍ക്ക് )വേണ്ടിയുള്ളതാണ്. ഇന്ത്യയില്‍ നിലനിന്നിരുന്ന മികച്ച കാര്‍ഷിക സംസ്കാരത്തിന്‍റെ ഉദാഹരണമാണ് ഈ ഉത്സവദിനം. മനുഷ്യനോടൊപ്പം പാടുപെടുന്ന കാലികള്‍ക്കായി ഒരു ഉത്സവം. അന്ന് മാടുകളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് നല്ല ആഹാരം കൊടുക്കുന്നു. ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശുന്നു.

മാടുകളുടെ കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടുന്നു. കൊമ്പുകളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശുന്നു. അലങ്കരിച്ച മാടുകളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവില്‍ നടത്തുന്നു.
നാലാം ദിനത്തിലുള്ളതാണ് കാണപ്പൊങ്കല്‍. കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്.

ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാനുള്ള ദിവസമാണിത്. മനുഷ്യര്‍ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം. അന്ന് ചോറും തൈരും വാഴയിലയില്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിളമ്പിവെക്കുക പതിവാണ്. ഈ ദിവസത്തോടെ നാലു ദിവസത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ സമാപിക്കും.

ആദ്യത്തെ ദിനം ദേവതകള്‍ക്കും രണ്ടാമത്തെ ദിനം കുടുംബത്തിനും മൂന്നാമത്തെ ദിനം പ്രകൃതിക്കും നാലമത്തെ ദിനം സമൂഹത്തിനുമായാണ് പൊങ്കല്‍ ദിനങ്ങള്‍ ആഘോഷിക്കുന്നത്.