അയ്യപ്പന്‍ തീയ്യാട്ട്

PROPRO
ഏറെ വ്യത്യസ്തതയുള്ള നമ്മുടെ സംസ്കാരത്തിന് നാടന്‍കലകളും പാട്ടുകളും മറ്റ് അനുഷ്ഠാന കലകളും നല്‍കിയ സംഭാവനകള്‍ വലുതാണ്.

നാടന്‍ കലകളിലെല്ലാം കാണാന്‍ കഴിയുന്നത് മണ്ണിനോട് ബന്ധപ്പെട്ട ജീവിതാവിഷ്ക്കാരങ്ങളാണ്. ഗ്രാമീണമായ വ്യഥകളുടെ പ്രാര്‍ത്ഥനകളാണ്. അത്തരത്തിലൊരു കലാരൂപമാണ് അയ്യപ്പന്‍ തീയ്യാട്ട്.

ഒരുപാട് പാരമ്പര്യകലകളുടെയും രീതികളുടെയും സമന്വയമാണ് അയ്യപ്പന്‍ തീയ്യാട്ട്. തീയ്യാടി നമ്പ്യാര്‍ എന്ന അമ്പലവാസി വിഭാഗമാണ് ഇത് അവതരിപ്പിച്ചു പോരുന്നത്.

കുലധര്‍മ്മമായിട്ടാണ് ഈ കല അഭ്യസിച്ചിരുന്നതെങ്കിലും ഇന്ന് സാമൂഹിക മണ്ഡലങ്ങളില്‍ അയ്യപ്പന്‍ തീയ്യാട്ടിന് സവിശേഷമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പല കലാകാരന്മാരുടെയും ശ്രമഫലമായാണ് ഇതുണ്ടായത്.

കളംപാട്ട്, കൂത്ത്, കോമരം എന്നീ കലകളുടെ കൂടിച്ചേര്‍ന്ന രൂപമാണ് അയ്യപ്പന്‍ തീയാട്ട്. കൂത്തില്‍ നിലനില്‍ക്കുന്നത് പോലെതന്നെ ആംഗികവും ആഹാര്യവും ആയ അഭിനയരീതിയാണ് അയ്യപ്പന്‍ തീയാട്ടിലും.

അയ്യപ്പനെ പുകഴ്ത്തുന്ന, അയ്യപ്പന്‍റെ ഐതിഹ്യകഥകളാണ് അയ്യപ്പന്‍ തീയ്യാട്ടില്‍ അവതരിപ്പിക്കുന്നത്.

തീയാടി രാമന്‍ നമ്പ്യാര്‍

PROPRO
അയ്യപ്പന്‍ തീയാട്ടിന്‍റെ അരങ്ങ് ഒരുക്കുന്നതിലുമുണ്ട് സവിശേഷതകള്‍. കുരുത്തോല കൊണ്ട് ആദ്യം പന്തല്‍ അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു.

അയ്യപ്പന്‍റെ അവതാരരൂപങ്ങളാണ് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്.

തീയ്യാടിന്‍റെ വേഷം കെട്ടുന്നതിനുമുണ്ട് സവിശേഷതകള്‍. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.

കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.

അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു. ഈ കല പുലര്‍ത്തിപ്പോരാന്‍ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.