എല്ലാ വീടുകളിലും സര്‍വ്വ സാധാരണമായി കാണുന്ന ഒന്നാണ് ചിലന്തി. പല ആളുകള്‍ക്കും ചിലന്തിയെ ഓടിക്കാന്‍ പോലും ഭയമാണ്. ചിലന്തിയ്ക്കുള്ള വിഷം തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇക്കാലത്ത് ചിലന്തിയെ തുരത്തിയോടിക്കാന്‍ പല രാസ വസ്തുക്കളും വിപണിയില്‍ സുലഭമായി ലഭിക്കും. പക്ഷേ അവ പലപ്പോഴും ചിലന്തിയുടെ വിഷത്തേക്കാള്‍ അപകടകരമാണെന്നതാണ് വസ്തുത. പ്രകൃതിദത്തമായ രീതിയില്‍ തന്നെ ചിലന്തിയെ തുരത്താന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
വീടിന്റെ ഉള്‍വശം വൃത്തിയായിരുന്നാല്‍ ചിലന്തി ഒരു പരിധിവരെ വീട്ടില്‍ താമസമാക്കില്ല. പ്രാണികളെ തിന്നുന്നതിന്നാണ് പ്രധാനമായും ചിലന്തി വരുന്നത്. മാറാലയും പൊടിയും നിറഞ്ഞതാണ് വീടിന്റെ ചുവരുകളെങ്കില്‍ ഈ ഭാഗങ്ങള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഒരു പരിധിവരെ ചിലന്തികളെ അകറ്റാന്‍ സാധിക്കും. ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് പുതിന ഇല. അതുപോലെ പുതിന തൈലം സ്പ്രേ ചെയ്യുന്നതും ചിലന്തിയെ ഓടിക്കാന്‍ സഹായകമാണ്.
വിനാഗിരി പുതിനയുമായി യോജിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും സ്പ്രേ ചെയ്താല്‍ ചിലന്തി ആ പരിസരത്തേക്ക് അടുക്കില്ലെന്നും പറയുന്നു. ചിലന്തികളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് പുകയില. ഒന്നുകില്‍ പുകയില പൊടിച്ച് വെള്ളത്തില്‍ നേര്‍പ്പിച്ച് ചിലന്തിയുടെ ശല്യമുള്ളാ ഭാഗങ്ങളില്‍ തളിയ്ക്കുക. അല്ലെങ്കില്‍ പുകയില ചെറിയ ഭാഗങ്ങളായി മുറിച്ച് ചിലന്തി സ്ഥിരമായി എത്തുന്ന ഭാഗങ്ങളില്‍ കൊണ്ടുപോയി വയ്ക്കുകയുമാകാം. ജനലിന് സമീപത്തടക്കം ചിലന്തിവരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ചെസ്‌നട്ട് ഒന്നോ രണ്ടോ വയ്ക്കുന്നതും നല്ലതാണ്.