Lyme Disease: എന്താണ് എറണാകുളത്ത് സ്ഥിരീകരിച്ച ലൈം രോഗം, മരണം വരെ സംഭവിക്കുമോ?

അഭിറാം മനോഹർ
വ്യാഴം, 14 മാര്‍ച്ച് 2024 (19:50 IST)
Lyme Disease
കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് അപൂര്‍വമായ ലൈം രോഗം സ്ഥിരീകരിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേസിയായ 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് ലൈം രോഗം ഉണ്ടാകുന്നത്. ചില പ്രാണികളിലൂടെ പടരുന്ന ഈ രോഗം നാഡിവ്യൂഹത്തെ ബാധിച്ച് മരണസാധ്യത വരെയുള്ള രോഗമാണ്. കൃത്യസമയത്തുള്ള രോഗ നിര്‍ണയം ചെലവ് കുറഞ്ഞ ചികിത്സയിലൂടെ രോഗമുക്തി നേടാന്‍ സഹായിക്കുന്നു.
 
വലത് കാല്‍മുട്ടില്‍ നീര്‍വീക്കവും പനിയുമായി കഴിഞ്ഞ ഡിസംബറിലാണ് രോഗിയെ പ്രവേശിപ്പിച്ചത്.അപസ്മാര ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചതില്‍ മെനഞ്ചെറ്റിസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലൈം രോഗം സ്ഥിരീകരിച്ചത്. ചിലതരം പ്രാണികള്‍(ചെള്ള്) കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ഇവിടെ പാടും ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നത് രോഗത്തിന്റെ ലക്ഷണങ്ങളാണ്.
 
ചെള്ള് കടിച്ച് 3 മുതല്‍ 30 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചര്‍മ്മത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി,തലവേദന,അമിതക്ഷീണം,സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തില്‍ പ്രകടമാകാം. 3 മുതല്‍ 10 ആഴ്ചകളോളം രോഗലക്ഷണങ്ങള്‍ കാണപ്പെടാം. മുഖത്തെ പേശികള്‍ക്ക് ബലക്ഷയം, ശരീരത്തിന്റെ പല ഭാഗത്തും പാടുകള്‍,കഴുത്തുവേദന,അരകെട്ടിനും കാലിനും വേദന,കൈകളിലും പാദങ്ങളിലും വേദന,കണ്ണില്‍ തടിപ്പ്,കാഴ്ചക്കുറവ് എന്നിവയും ഈ ഘട്ടത്തിലുണ്ടാകാം.
 
കൃത്യസമയത്ത് രോഗനിര്‍ണയം നടന്നാല്‍ ഡോക്‌സിസൈക്‌ളിന്‍ ഗുളികകള്‍ അടക്കമുള്ള ചെലവ് കുറഞ്ഞ മാര്‍ഗത്തിലൂടെ രോഗം ഭേദമാക്കാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article