അന്‍പത് വയസിനു മുകളിലാണോ പ്രായം ? സൂക്ഷിക്കൂ... പ്രോസ്‌റ്റേറ്റ് വീക്കത്തിന് സാധ്യത കൂടുതലാണ്

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (15:15 IST)
പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ നിരക്കില്‍ 2.5% വര്‍ധനവ് ഉണ്ടായതായി ആരോഗ്യമന്ത്രാലയം. അന്‍പത് വയസ് പിന്നിട്ട പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യത അനുദിനം വര്‍ദ്ധിച്ചു വരുകയാണെന്നും 
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വളരെ സവധാനം പടരുന്ന തരത്തിലുള്ള അര്‍ബുദമയതിനാല്‍ ഏറെ വൈകിയാണ് ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുകയെന്നും യൂറോളജി വിദഗ്ധര്‍ അറിയിച്ചു.
 
ഇന്ത്യയിലെ പുരുഷന്‍മാരില്‍ കണ്ടുവരുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ളത്. സാധാരണയിലും കൂടിയ മൂത്രമൊഴിക്കണമെന്ന തോന്നലാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനം. ഉടന്‍ മൂത്രമൊഴിക്കണമെന്ന തോന്നല്‍ വന്നാല്‍ അത് മാറ്റിവയ്ക്കാന്‍ സാധിക്കാതെ വരുന്നതും അറിയാതെ മൂത്രം പോകുന്നതും വളരെ കുറച്ച് മാത്രം മൂത്രം പോകുന്നതും മൂത്രമൊഴിക്കുതിനായി ആയാസപ്പെടേണ്ടിവരുന്നതും മുറിഞ്ഞ് മുറിഞ്ഞ് മൂത്രം പോകുന്നതുമെല്ലാം പ്രോസ്‌റ്റേററ് ഗ്രന്ഥിവീക്കത്തിന്റെ ലക്ഷണങ്ങളാണ്‍.   
 
സ്ത്രീകളിലെ സ്തനാര്‍ബുദം പോലെതന്നെ പ്രധാനപ്പെട്ടതാണ് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ (പിഎസ്എ) തിരിച്ചറിയുതിനുള്ള ലളിതമായ രക്തപരിശോധനയിലൂടെ വളരെയെളുപ്പത്തില്‍ തന്നെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ പരിശോധന നടത്തുന്നതിലൂടെ വീക്കം മാത്രമാണോ ഉള്ളത് അതോ കാന്‍സറിന്റെ ലക്ഷണങ്ങളുണ്ടോയെന്നും മനസ്സിലാക്കാന്‍ സാധിക്കും. പരിശോധനയിലൂടെ മനസിലാക്കാം. 
 
ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുതിന് അനുസരിച്ച് പ്രായമായ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റിന്റെ വീക്കം കാണാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സകള്‍ നടത്തുകയും ചെയ്താല്‍ പ്രോസ്‌റ്റേറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. മരുന്നുകള്‍ കഴിക്കുന്നതിലൂടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മാറ്റാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. റേഡിയേഷന്‍ തെറാപ്പി, ശസ്ത്രക്രിയ, മരുന്നുകള്‍ എന്നിവയിലൂടേയും പ്രോസ്‌റ്റേറ്റ് കാന്‍സറിനായുള്ള ചികിത്സകള്‍ ലഭ്യമാണ്.
 
Next Article