ഹൃത്വിക് റോഷന്‍റെ ശരീരസൌന്ദര്യ രഹസ്യങ്ങള്‍

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (19:59 IST)
PRO
ആറടി ഉയരക്കാരനാണ് ഹിന്ദി സിനിമാതാരം ഹൃത്വിക് റോഷന്‍. 72 കിലോയാണ് അദ്ദേഹത്തിന്‍റെ ശരീരഭാരം. ഒരു ഗ്രീക്ക് യോദ്ധാവിനെപ്പോലെ മനോഹരമായി ശാരീരിക സൌന്ദര്യം സൂക്ഷിക്കുന്ന ഹൃത്വിക്കിന്‍റെ ശരീരസൌന്ദര്യത്തിന്‍റെ രഹസ്യമെന്താണ്?

അടുത്തിടെ തലച്ചോറില്‍ ഒരു ഓപ്പറേഷന് വിധേയനായ ഹൃത്വിക് ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു. ദിവസവും കൃത്യമായ വ്യായാമവും മികച്ച ഡയറ്റ് പ്രോഗ്രാമുമാണ് ഹൃത്വിക് പിന്തുടരുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള ഫിറ്റ്നസ് മാഗസിനുകള്‍ വായിക്കുന്നത് ഹൃത്വിക്കിന്‍റെ ശീലമാണ്. ഈ മാഗസിനുകളില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനര്‍മാരില്‍ നിന്നുമുള്ള ഉപദേശങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹൃത്വിക് തന്‍റെ ഡെയ്‌ലി വര്‍ക്കൌട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഓരോ ആഴ്ചയിലെയും വര്‍ക്കൌട്ട് റുട്ടീന്‍ ശരീരത്തിന്‍റെ ആവശ്യമനുസരിച്ച് മാറ്റിക്കൊണ്ടുവരുന്ന രീതിയാണ് ഹൃത്വിക് റോഷന്‍റേത്. ശരീരത്തിന് കഴിയുന്ന വെയ്റ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ദിവസവും 6 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ ശ്രമിക്കുന്ന താരവുമാണ് ഹൃത്വിക്.

മൂന്ന് ഹെവി മീല്‍‌സ് എന്ന പതിവ് എല്ലാവരും മാറ്റിപ്പിടിക്കണമെന്നാണ് ഹൃത്വിക്കിന്‍റെ അഭിപ്രായം. ദിവസവും ആഹാരം കഴിക്കുന്ന സമയത്തിന്‍റെ എണ്ണം കൂട്ടണം. ആറോ ഏഴോ തവണ ഫുഡ് കഴിക്കാം. പക്ഷേ അതിന്‍റെ അളവ് പരിമിതമായിരിക്കണം, കൊഴുപ്പില്ലാത്ത ആഹാരമായിരിക്കണം, ശരീരത്തിന് ഗുണമുള്ള ഘടകങ്ങള്‍ അടങ്ങിയതാകണം.

നിറയെ പ്രോട്ടീന്‍ അടങ്ങിയതും ന്യൂട്രീഷ്യസുമായുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തണം. ഓട്ട്‌സ്, മധുരക്കിഴങ്ങ്, പാസ്ത, ബ്രൌണ്‍ റൈസ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. മുട്ടയുള്ള വെള്ള മാത്രം കഴിക്കുക. ചിക്കന്‍ ബ്രെസ്റ്റ് കഴിക്കാം. നട്ട്‌സ് ഐറ്റങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ബ്രോക്കോളി ദിവസവും കഴിക്കാന്‍ ശ്രമിക്കുക. ക്രിഷ് 3യുടെ ജോലിസമയത്ത് ദിവസവും ഏഴ് മുട്ടയുടെ വെള്ളയും രണ്ട് മുട്ടയുടെ മഞ്ഞയും ഹൃത്വിക് അകത്താക്കുമായിരുന്നു.