യുവത്വം നിലനിര്‍ത്താന്‍ മറുപിള്ള സൂപ്പ്!

Webdunia
വ്യാഴം, 5 ജൂലൈ 2012 (11:05 IST)
PRO
PRO
അമ്മയുടെ ഉദരത്തില്‍ വളര്‍ന്നുതുടങ്ങുന്ന കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നത് മറുപിള്ള(പ്ലാസന്റ)യിലൂടെയാണ്. ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന മറുപിള്ള വഴിയാണ് കുഞ്ഞിന് ആവശ്യമായതെല്ലാം അമ്മ കൈമാറുന്നത്. കുഞ്ഞ് പിറക്കുന്ന വേളയില്‍ മറുപിള്ളയും അടര്‍ന്ന് പുറത്തേക്ക് വരും.

ഒരു കുഞ്ഞിന്റെ ജനനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മറുപിള്ളയെ അങ്ങനെ വെറുതെ കളയാല്‍ ഒരുക്കമല്ല ചില നാട്ടുകാര്‍. ചൈനയില്‍ മറുപിള്ള കറിവച്ച് കഴിക്കുന്നവര്‍ വരെയുണ്ട്. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനാക്കാര്‍ ഇത് ശീലമാക്കിയിരുന്നു. പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ മറുപിള്ളയ്ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. പ്രസവശേഷമുള്ള ശാരീരികവും മാനസികവുമാ‍യ പ്രശ്നങ്ങള്‍ മുതല്‍ യുവത്വം നിലനിര്‍ത്താന്‍ വരെ മറുപിള്ള കഴിക്കുന്നതിലൂടെ സാധിക്കും. മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാനും അമ്മയെ കൂടുതല്‍ ഉന്മേഷവതിയാക്കാനും ഇതിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ രാ‍ജാക്കന്മാരാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് ഫലം കണ്ടത്.

പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മറുപിള്ളയും ഒപ്പം കൊണ്ടുപോകുന്നവരുണ്ട്. തുടര്‍ന്ന് ഇത് പാകം ചെയ്തു കഴിക്കും. മറുപിള്ള കൊണ്ട് സൂപ്പ് ഉണ്ടാക്കും, അല്ലെങ്കില്‍ കറിവച്ചുകഴിക്കും. മറുപിള്ള ചേര്‍ത്തുള്ള ടാബ്ലറ്റുകള്‍ ചൈനയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിയമവിധേയമായി തന്നെ വില്‍ക്കുന്നുണ്ട്. പ്രസവം കഴിഞ്ഞ സ്ത്രീ മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരും മറുപിള്ള കഴിക്കാറുണ്ട്. ആശുപത്രിയില്‍ നിന്ന് മറുപിള്ള ശേഖരിച്ച് കരിഞ്ചയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ വരെയുണ്ട്.

ചൈനയില്‍ കാലങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ പ്രവണത ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലും സ്വീകാര്യമായി വരികയാണ്. യുവത്വം നിലനിര്‍ത്താനും പ്രസവശേഷമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും മറുപിള്ളയ്ക്കുള്ള കഴിവ് തന്നെ ഇതിന് കാരണം. മറുപിള്ള പാ‍കം ചെയ്തുകഴിക്കുന്നതിനുള്ള റെസീപ്പികളും ഇന്റര്‍നെറ്റില്‍ സുലഭമാണ്.