നല്ല ഉറക്കം കിട്ടാന്‍ ഉറക്കമിളച്ച് ചിന്തിക്കേണ്ട, ഇതാ അതിനുള്ള മാര്‍ഗങ്ങള്‍ !
ചൊവ്വ, 1 നവംബര്‍ 2016 (20:01 IST)
ഉറങ്ങുന്നതിന് എന്തെങ്കിലും പ്രത്യേക രീതികളുണ്ടോ? പോയി കിടക്കയില്‍ കിടക്കുക, ഉറങ്ങുക എന്നതല്ലാതെ. എന്നാല്‍ അങ്ങനെയല്ല കാര്യം. ഉറങ്ങുന്നതിന് ചില രീതികളൊക്കെയുണ്ട്. എപ്പോള്‍ ഉറങ്ങണം? എങ്ങനെ ഉറങ്ങണം? എവിടെയുറങ്ങണം? എന്നൊക്കെ കൃത്യമായി നിശ്ചയിച്ചുകഴിഞ്ഞാല്‍ പകുതി ആശ്വാസം. കാരണം നല്ല ഉറക്കം കിട്ടുന്നവര്‍ക്ക് നല്ല ആരോഗ്യവും കിട്ടുന്നു!
‘വൃത്തിയോടെ ഉറങ്ങുക’ എന്ന് കേട്ടിട്ടുണ്ടോ? അതായത്, ഒരു ദിവസത്തെ എല്ലാ ചേറും ചെളിയും ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ അതോടെ പോയി കിടക്കയില്‍ അമരുക ശരിയല്ല എന്ന്. ശുചിയായ ശരീരത്തോടെയാവണം ബെഡിലേക്ക് പോകേണ്ടത്. അത് രാവിലെ വരെ അസ്വസ്ഥതകള്‍ ഒന്നുമില്ലാതെ ഉറങ്ങാന്‍ സഹായിക്കുന്നു. വൃത്തിയോടെ ഉറങ്ങിയാല്‍ വൃത്തിയായി ഉറങ്ങാമെന്ന് സാരം.
ഉറങ്ങാന്‍ പോകുന്നതിന് ഒരു സമയം നിശ്ചയിക്കണം. ഒരു ദിവസം എട്ടുമണിക്ക്, അടുത്ത ദിവസം ഒമ്പതരയ്ക്ക്, പിന്നീട് പതിനൊന്നുമണിക്ക് എന്നിങ്ങനെ ഒരു ചിട്ടയുമില്ലാതെ ഉറങ്ങാന്‍ പോകരുത്. സമയക്രമം പാലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്ന് ചെയ്യുക. പരമാവധി താമസിച്ചുകിടക്കുക. അതായത്, രാത്രി 11.30ന് ഉറങ്ങാനുള്ള സമയമായി നിശ്ചയിക്കുക. അതിനുമുമ്പ് എല്ലാ ജോലികളും അവസാനിപ്പിച്ച ശേഷം കൃത്യം ആ സമയത്തുതന്നെ ഉറങ്ങുക. അപ്പോള്‍ കൃത്യം രാവിലെ ഒരേ സമയത്ത് ഉണരാനും സാധിക്കും.
നമ്മുടെയുള്ളില്‍ ഒരു ക്ലോക്ക് ഉണ്ട്. ആന്തരികമായ ആ ക്ലോക്കില്‍ ഒരു നിശ്ചിതസമയം കുറിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ നാം പോലുമറിയാതെ അത് ശീലമാകും. അതായത്, തുടര്‍ച്ചയായി 21 ദിവസം നമ്മള്‍ 11.30ന് ഉറങ്ങാന്‍ ശ്രമിച്ചാല്‍ പിന്നീട് എന്നും നമ്മള്‍ പോലുമറിയാതെ 11.30ന് ഉറക്കമാകും.
ഉറങ്ങുന്നതിന് എത്രസമയം മുമ്പാണ് ആഹാരം കഴിച്ചത് എന്നത് ഉറക്കത്തെ ബാധിക്കും എന്നതില്‍ സംശയമില്ല. രാത്രിയില്‍ രണ്ട് ചിക്കന്‍ ബിരിയാണിയും കഴിച്ചിട്ട് കിടക്കുന്നയാളുടെ ഉറക്കം തീരെ ശരിയാകില്ല എന്നതില്‍ സംശയമില്ല. ആഹാരം കഴിച്ചതിന് ശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ. അതായത് 11.30ന് ഉറങ്ങുന്നയാള്‍ 7.30 ഡിന്നര്‍ കഴിച്ചിരിക്കണം.
ചിലര്‍ക്ക് മദ്യപിച്ചാലേ ഉറക്കം വരൂ എന്ന് കേട്ടിട്ടുണ്ട്. ചിലര്‍ പറയും, ഒരു പെഗ് കഴിച്ചാല്‍ പിന്നെ ഉറക്കം സുഖമായി എന്ന്. ആദ്യമൊക്കെ അങ്ങനെ തോന്നും. പിന്നീട് ഈ മദ്യമായിരിക്കും നമ്മുടെ ഉറക്കം കെടുത്തുന്ന ഏറ്റവും പ്രധാന കാരണം. മദ്യം ഉറക്കം കളയുമെന്ന് മാത്രമല്ല, ജീവിതം തന്നെ തകര്‍ത്തുകളയും. ഉറക്കം കിട്ടാന്‍ കുറുക്കുവഴികള്‍ തേടേണ്ടതില്ല എന്നാണ് പറഞ്ഞുവന്നത്.
എവിടെക്കിടന്നാണ് ഉറങ്ങുന്നത് എന്നത് ഉറക്കത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ബെഡ്‌റൂമില്‍ ഉണ്ടാകണം. ഡ്രാക്കുളയുടെ ഒരു ചിത്രം ബെഡ്‌റൂമില്‍ വച്ചിട്ട് അത് നോക്കി ഉറങ്ങാന്‍ കിടന്നാല്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കം നശിപ്പിക്കുകയായിരിക്കും ഫലം. ഇളം നിറങ്ങളിലുള്ള ബെഡ്‌റൂമുകള്‍ തെരഞ്ഞെടുക്കുക. വൃത്തിയുള്ള കിടക്ക വിരിയുണ്ടായിരിക്കുക. നേര്‍ത്ത സംഗീതം പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള കരുതല്‍ നടപടിയെടുക്കുക. ഇതൊക്കെ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ഉറങ്ങാന്‍ പോകുന്നതിന് ടിവി കാണുക, ലാപ്‌ടോപ്പില്‍ നോക്കുക, ഫോണില്‍ വാട്‌സ് ആപ് ചാറ്റില്‍ സമയം കളയുക ഈ വക വിനോദങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കുക. നല്ല ഉറക്കം നിങ്ങളെ കാത്തിരിക്കുന്നു.