കുട്ടികളെ ടിവി കാണിക്കല്ലേ; കുറുമ്പിന് ഒരു കുറവും കാണില്ല!

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (16:50 IST)
PTI
PTI
നിങ്ങളുടെ കുട്ടികള്‍ തുടര്‍ച്ചയായി ടിവി കാണുന്നവരാണെങ്കില്‍ ഇപ്പോള്‍ നിയന്ത്രിച്ചോളൂ. കാരണം കുറുമ്പിന് ഒരു കുറവും കാണില്ല. ചിരിച്ചു തള്ളാന്‍ വരട്ടെ. ദിവസേന മൂന്നു മണിക്കൂറിലധികം ടിവി കാണുന്ന കുട്ടികളില്‍ കുറ്റവാസന അധികമായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യു കെയിലെ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലാണ് പഠനത്തിനു പിന്നില്‍.

അഞ്ചു വയസുള്ള കുട്ടികളെ പഠനവിധേയമാക്കിയതില്‍ ഏഴു വയസോടെ വഴക്കുണ്ടാക്കാനും മോഷ്ടിക്കാനുമുള്ള സാധ്യത ഏറിയതായി കണ്ടെത്തി. ഇവരെല്ലാം സ്ഥിരമായി ടിവിയും കമ്പ്യൂട്ടറും വീഡിയോ ഗെയിമും ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പലവിധ സ്വഭാവ വൈകല്യങ്ങളും കണ്ടെത്തി. കുട്ടികളെ രണ്ടു മണിക്കൂറില്‍ താഴെ മാത്രം ടിവി കാണിക്കുകയാ‍ണ് ഇതിനു പ്രതിവിധിയെന്ന് എം ആര്‍ സിയിലെ പ്രധാന ശാസ്ത്രജ്ഞ ഡോ: അലിസണ്‍ പാര്‍ക്സ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും വിദ്യാഭ്യാസപരമായ പരിപാടികള്‍ മാത്രം കാണിക്കുക. കുട്ടികള്‍ എന്തു കാണുന്നുവെന്നത് രക്ഷിതാക്കള്‍ അറിയാതെ പോകുന്നതാണ് പ്രശ്നകാരണം.

11,014 കുട്ടികളുടെ അമ്മമാരെ പങ്കാളിയാക്കിയാണ് പഠനം നടത്തിയത്. യു കെയിലെ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പേടിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മറിച്ച് ഒരു ഉപദേശം മാത്രം, നിങ്ങളുടെ കുട്ടികളെ അധികം ടിവി കാണിക്കണ്ട.