സമ്മര്‍ദ്ദങ്ങളുടെ കൂടാരമായി റയല്‍; റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ്ബ് വിടുന്നു

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:08 IST)
റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ച ലൂകാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയ സാഹചര്യത്തില്‍ ഇറ്റാലിയൻ ക്ലബായ ഇന്റര്‍ മിലാനിലേക്ക് പോകാനുള്ള താല്‍പ്പര്യം താരം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസിനോട് മോഡ്രിച്ച് വ്യക്തമാക്കിയതായി സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ് വിട്ടാന്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന റയല്‍ യുവന്റസില്‍ നിന്ന്‌ പൗളോ ഡിബാലയെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുണ്ട്.

മോഡ്രിച്ച് ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ടുകളെ മുമ്പ് പെരസ് തള്ളിയിരുന്നു. ക്രൊയേഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 750 ദശലക്ഷം യൂറോ ഇറക്കേണ്ടിവരുമെന്നാണ് പെരസ് വ്യക്തമാക്കിയിരിക്കുന്നത്.

ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീല്‍ താരം നെയ്‌മറുടെ അഞ്ചിരട്ടി വിലയാണ് മോഡ്രിച്ചിന് പെരസ് ഇട്ടിരിക്കുന്നതെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

Next Article