ജര്‍മനി ലോകകപ്പ് വേദി സ്വന്തമാക്കിയത് 60ലക്ഷം ഡോളര്‍ കോഴ നല്‍കി

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (11:43 IST)
ഫിഫയില്‍ കോഴ ഇടപാടും വിവാദങ്ങളും നിറഞ്ഞു നില്‍ക്കെ വീണ്ടുമൊരു വിവാദം കൂടി തലപൊക്കി. ജര്‍മനി 2006 ലോകകപ്പ് വേദി സ്വന്തമാക്കിയത് 60 ലക്ഷം ഡോളര്‍ കോഴ നല്‍കിയാണെന്നാണ് പുതിയ വാര്‍ത്ത. ഏഷ്യയില്‍ നിന്നുള്ള നാല് വോട്ടുകള്‍ക്ക് വേണ്ടി ഇത്രയും പണം നല്‍കിയെന്നാണ് വിവരം. ജര്‍മന്‍ വാരികയായ ദെര്‍ സ്പീഗലാണ് വാര്‍ത്ത പുറത്തുവിട്ടത്.

കോഴ കൈപ്പറ്റിയ ഫിഫ അംഗങ്ങളില്‍ മൂന്ന് പേര്‍ ജീവിച്ചിരിപ്പുണ്ടെന്നും അതില്‍ ഒരാള്‍ ദക്ഷിണകൊറിയയില്‍ നിന്നുള്ള ചുങ് മൂണ്‍ ജൂന്‍ ആണെന്നുമാണ് വാരിക വ്യക്തമാക്കുന്നത്. അതേസമയം, മറ്റ് രണ്ടു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  

ജര്‍മനിയുടെ ബിഡ്ഡിങ് കമ്മിറ്റിക്കുവേണ്ടി അഡിഡാസ് കമ്പനി മേധാവിയായിരുന്ന റോബര്‍ട്ട് ലൂയിസ് ഡ്ര്യൂഫസ് കോഴപ്പണം കൈമാറിയത് ജര്‍മനിയുടെ ബിഡിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബോവറിനും നിലവില്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനായ വോള്‍ഫ്ഗാങ് നീര്‍സ്ബക്കിനും അറിയാമായിരുന്നുവെന്നും വാരിക വ്യക്തമാക്കുന്നുണ്ട്. ഫിഫയുടെ ജനീവ അകൌണ്ടിലേക്ക് ജര്‍മനി നല്‍കിയ പണം പിന്നീട് ഡ്ര്യൂഫസിന്‍റെ സൂറിച് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്നും വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം ഗുരുതരമെന്നും അന്വേഷിക്കുമെന്നും ഫിഫ പ്രതികരിച്ചു.