ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പ്യന്‍ ഫുട്ബോളര്‍

വെള്ളി, 29 ഓഗസ്റ്റ് 2014 (14:29 IST)
മികച്ച യൂറോപ്പ്യന്‍ ഫുട്ബോള്‍ താരത്തിനുള്ള യുവേഫാ പുരസ്കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2013-14 സീസണിലെ പ്രകടനത്തിന്‍റ അടിസ്ഥാനത്തിലാണ് പോര്‍ച്ചുഗലിന്റെ മിന്നും താരം പുരസ്കാരത്തിന് അര്‍ഹനായത്. യൂറോപ്പ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് റൊണാള്‍ഡോയെ യൂറോപ്പ്യന്‍ ഫുട്ബോളറായി തെരഞ്ഞെടുത്തത്.

ബയേണ്‍മ്യൂണിക്കിന്റെ ഹോളണ്ട് താരം ആര്യന്‍ റോബനെയും ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് റൊണാള്‍ഡോ ലോക ഫുട്ബോളറായത്. 2013-14 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകളടിച്ച റൊണാള്‍ഡോയുടെ തകര്‍പ്പന്‍ മികവിലാണ് റയല്‍ മാഡ്രിഡ് യൂറോപ്പ്യന്‍ ചാമ്പ്യന്മാരായത്.

ഈ അവാര്‍ഡ് ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും, ഈ പുരസ്കാരം ടീമംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ടീമംഗങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ഇത് ലഭിക്കില്ലായിരുന്നുവെന്നും പോര്‍ച്ചുഗല്‍ താരം പറഞ്ഞു. ജര്‍മ്മനിയുടെ നാതിന്‍ കെസ്ളറെ മികച്ച വനിതാ ഫുട്ബോളറായും തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഫ്രാന്‍സിന്‍്റെ ഫ്രാങ്ക് റിബറിയായിരുന്നു യൂറോപ്പ്യന്‍ പ്ളയര്‍ പുരസ്കാരം നേടിയത്.

വെബ്ദുനിയ വായിക്കുക