സ്‌പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിതമായ അടിതെറ്റല്‍.റയലിന് സീസണ്‍ തുടങ്ങിയ ശേഷം ഇതുവരെ ജയിക്കാനായില്ല. ഞായറാഴ്‌ച നടന്ന ലീഗ് മത്സരത്തില്‍ ഗറ്റാഫെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു റയലിനെ ഞെട്ടിച്ചത്. ലാ ലീഗായിലെ ആദ്യ മത്സരത്തില്‍ വലന്‍സിയ 1-1 നു റയലിനെ തളച്ചിരുന്നു. സ്‌പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സലോണയോട് 3-2 നു തോല്‍ക്കുകയും ചെയ്‌തിരുന്നു.
ആറു പോയിന്റ് നേടിയ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.രണ്ടു കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രം നേടിയ റയാല്‍ പതിനഞ്ചാം സ്‌ഥാനത്താണ്. റയോ വല്ലകാനോ, ഡിപ്പോര്‍ടീവോ എന്നിവര്‍ ഇപ്പോള്‍ രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തിയിരിക്കുന്നു. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണു റയല്‍ ഗറ്റാഫേയോടു തോല്‍വി വഴങ്ങിയത്. ഇരുപത്തിആറാം മിനിട്ടില്‍ ഗൊണ്‍സാലോ ഹിഗ്വേയനിലൂടെയാണ് മാഡ്രിഡ് മുന്നിലെത്തിയത്. ഉയര്‍ന്നു വരുന്ന പന്തുകള്‍ക്കു മുന്നില്‍ എപ്പോഴത്തെയും പോലെ പകച്ചു നിന്ന റയാല്‍ സമനില ഗോള്‍ വഴങ്ങി പിന്‍വാങ്ങി.
യുവാന്‍ വലേരയായിരുന്നു സ്‌കോറര്‍. അബ്‌ദാല്‍ ബാറാഡയുടെ ഉയര്‍ന്നു വന്ന ക്രോസ് വലേറ കനത്ത ഹെഡറിലൂടെ റയല്‍ ഗോള്‍കീപ്പര്‍ കാസിയസിനെ കബളിപ്പിച്ചു. റയാല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ മടക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
എഴുപതാം മിനിട്ടില്‍ ക്രിസ്‌റ്റ്യാനോ ഗോളടിക്കാനുള്ള സുവര്‍ണാവസരം നശിപ്പിക്കുകയും ചെയ്‌തു. പോസ്‌റ്റിന്റെ ഇടതു കോണ്‍ ലക്ഷ്യമാക്കിയ ക്രിസ്‌റ്റ്യാനോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ മിഗ്വേല്‍ മോയ തട്ടിക്കളഞ്ഞു. ലീഡുയര്‍ത്താന്‍ ക്രിസ്‌റ്റ്യാനോ അടക്കമുള്ളവര്‍ കിണഞ്ഞു പരിശ്രമിക്കവേ എഴുപത്തിനാലാം മിനിട്ടില്‍ അബ്‌ദലാസീസ് ബാറാദയിലൂടെ ഗറ്റാഫെ രണ്ടാം ഗോളടിച്ചു.
ഒഫീഷ്യലുകളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഫാബിയോ കൊയാന്‍ട്രോ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതും മാഡ്രിഡിനു ക്ഷീണമായി.മാച്ച് ഒഫീഷ്യലുകളുമായി കലഹിച്ചതിന്‍െറ പേരിലാണ് ഫാബിയോ ചുവപ്പുകാര്‍ഡു കണ്ട് പുറത്തായത്. തുടക്കംപാളിയെങ്കിലും ഈ സീസണില്‍ ജയത്തോടെ തിരിച്ചെത്താമെന്ന കോച്ച് ജോസ് മൗറീന്യോയുടെ സ്വപ്നങ്ങളാണ് സഫലമാകാതെ പോയത്.
ഒരു ഘട്ടത്തില്‍ ഇത് മൌറീന്യോ തുറന്നു പറയുകയും ചെയ്തു. ‘ഗെറ്റാഫെ അര്‍ഹിച്ച വിജയമാണിത്. അവര്‍ക്ക് കൂടുതലൊന്നും ചെയ്യേണ്ടി വന്നില്ല.ഞങ്ങളുടെ കളി അത്രയും മോശമായിരുന്നു. ഒരിക്കലും സ്വീകാര്യമല്ലാത്ത പ്രകടനമാണിത്. ഈ തോല്‍വി എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല, കാരണം ഞങ്ങള്‍ അര്‍ഹിച്ചത് ഇതു തന്നെയാണ്’ -റയല്‍ കോച്ച് ജോസ് മൗറീന്യോ മത്സര ശേഷം പറഞ്ഞു.
എന്നാല്‍ ഒസാസുനക്കെതിരെ രണ്ടാം മത്സരത്തില്‍ കളിക്കാനിറങ്ങിയ ബാഴ്സലോണ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവിലാണ് ജയം ആവര്‍ത്തിച്ചത്. 10 പേരുമായി കളിച്ച ഒസാസുന പതിനേഴാം മിനിറ്റില്‍ നേടിയ ഒരു ഗോളിന്‍െറ ബലത്തില്‍ മുന്‍ചാമ്പ്യന്മാരെ തോല്‍വി ഭീതിയില്‍ നിര്‍ത്തിയ ശേഷമാണ് കീഴടങ്ങിയത്. അവസാന 15 മിനിറ്റിനുള്ളില്‍ മെസ്സിയില്‍ നിന്നും പിറന്ന രണ്ടു ഗോളുകള്‍ കാറ്റലന്‍സിന് പോയന്‍റ് പട്ടികയില്‍ ലീഡ് സമ്മാനിച്ച വിജയം നല്‍കി. 75, 80 മിനിറ്റുകളിലായിരുന്നു മെസ്സിയില്‍ നിന്ന് ഗോളുകള്‍ പിറന്നത്.