‘വിണ്ണൈത്താണ്ടി വരുവായാ’ ഹിന്ദിയില്‍ ഫ്ലോപ്പ്!

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (13:32 IST)
PRO
വിണ്ണൈത്താണ്ടി വരുവായാ എന്ന പ്രണയചിത്രം തെന്നിന്ത്യയില്‍ വന്‍‌ തരംഗം സൃഷ്ടിച്ചതാണ്. അതുതന്നെയാണ് ഈ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ഗൌതം വാസുദേവ് മേനോനെ പ്രേരിപ്പിച്ചതും. ‘ഏക് ദീവാനാ ഥാ’ എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ഈ സിനിമ കനത്ത പരാജയമായി മാറിയിരിക്കുന്നു.

പ്രതീക് ബബ്ബാറും എമി ജാക്സണുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സച്ചിനെയും ജെസിയെയും അവതരിപ്പിക്കുന്നത്. പ്രതീകിന്‍റെ പ്രകടനം കൈയടി നേടുന്നു. എന്നാല്‍ മലയാളി ക്രിസ്ത്യന്‍ പെണ്‍‌കൊടിയായെത്തുന്ന എമി തീര്‍ത്തും നിരാശ സമ്മാനിക്കുന്നു. നായികയെ തീരുമാനിക്കുന്നതില്‍ ഗൌതം മേനോന്‍ വരുത്തിയ വീഴ്ചയാണ് ഈ സിനിമയുടെ പരാജയത്തിന് കാരണമായതെന്ന് നിസംശയം പറയാം.

മാത്രമല്ല, തമിഴകത്ത് വര്‍ക്കൌട്ടായ സെന്‍സിറ്റീവ് ലവ് സ്റ്റോറി ഹിന്ദിയിലേക്ക് പകര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. രണ്ടാം പകുതിക്ക് ശേഷം വിരസമായ കാഴ്ചയായി സിനിമ മാറി. ഇടയ്ക്കിടെ കടന്നുവരുന്ന റഹ്‌മാന്‍ ഗാനങ്ങള്‍ മാത്രമാണ് ഏക് ദീവാനാ ഥായില്‍ ആശ്വാസമാകുന്നത്.

ഗൌതം മേനോന്‍റെ ആദ്യ ഹിന്ദിച്ചിത്രമായ രെഹ്‌നാ ഹൈ തേരേ ദില്‍‌മേം ഒരു പരാജയചിത്രമായിരുന്നു. മേനോന്‍റെ രണ്ടാം ഹിന്ദി പരീക്ഷണത്തിനും അതേ വിധി നേരിടേണ്ടി വന്നിരിക്കുന്നു.