ശ്രീനിവാസന്‍ കഥപറയുന്നത് മലയാളി പ്രേക്ഷകന് ഒരു പ്രത്യേക താല്പര്യമാണ്. ശ്രീനിയിലെ നിരീക്ഷകനെയും നിരൂപകനെയും മലയാളികള്‍ എത്ര തവണ കണ്ടിരിക്കുന്നു. തുറന്ന ചിരിയിലേക്കും ചിന്തയിലേക്കും ശ്രീനി ജീവിതം വിളക്കി ചേര്‍ക്കുമ്പോള്‍ അതിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകന്‍റെ കണ്ണു നിറയ്‌ക്കുകയും കരള്‍ പിടപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ശ്രീനിയുടെ ബാര്‍ബര്‍ ബാലനും പറയാനുള്ളത് മറ്റൊന്നുമല്ല ജീവിതം തന്നെ.
ബാര്‍ബര്‍ ബാലന്‍റെ ധര്‍മ്മ സങ്കടങ്ങള്‍ പങ്കു വയ്‌ക്കപ്പെടുന്ന ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം ശ്രീനി തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഒരു മഹത്തായ ചിത്രമൊന്നുമല്ല. എങ്കിലും തരക്കേടില്ലാത്ത ചിത്രം മുഷിപ്പ് ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ്. ശുദ്ധമായ ഒരു കുടുംബകഥയോടൊപ്പം ആധുനിക സിനിമയെ ആക്ഷേപഹാസ്യത്തിലൂടെ കടന്നാക്രമിക്കുകയും ചെയ്യുകയാണ് ശ്രീനി. ലളിതമായ ഒരു കഥയെ രസ മുഹൂര്‍ത്തങ്ങളിലൂടെ രണ്ട് മണിക്കൂറിലേക്ക് വലിച്ചുനീട്ടുകയും സിനിമാലോകവുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ള പ്രതിക്ഷേധങ്ങളും ശ്രീനി പറയുന്നു.
അശോക്‌രാജ് എന്ന സൂപ്പര്‍താരത്തിന്‍റെ പ്രവര്‍ത്തികളാണ് സിനിമയില്‍ തനിക്ക് യോജിക്കാനാകാത്ത ഘടകങ്ങളോട് കലഹിക്കാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് കണ്ടെത്തിയ പഴുത്. അത് കുറിക്കു കൊള്ളുകയും ചെയ്യുന്നു. അടുത്ത ബന്ധുവിന്‍റെ ചിത്രമായതിനാലും പണം മുടക്കില്‍ പങ്കാളിയായതിനാലും മനോഹരമായ തിരക്കഥ ശ്രീനി ഒരുക്കിയിട്ടുണ്ട്. എങ്കിലും ഇടയ്‌ക്ക് എവിടെയൊക്കെയോ ചിത്രം ഇഴയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നു മാത്രം.
സത്യന്‍ അന്തിക്കാടിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മോഹന്‍റെ സ്വതന്ത്ര സംവിധായകനായുള്ള ആദ്യ ചിത്രത്തില്‍ സത്യന്‍ ചിത്രങ്ങളുടെ ഭൂതാവേശം കാണാനാകും. വികസനമെത്താത്ത ഒരു നാല്‍കവലയും ചായക്കടയും നന്‍മ നിറഞ്ഞ ഗ്രാമീണരും ദരിദ്രരും നിഷ്ക്കളങ്കരുമായ അവിടുത്തെ മനുഷ്യരും തുടങ്ങി എല്ലാത്തിലും ഒരു സത്യന്‍ ചുവ.
ബാര്‍ബര്‍ ബാലന്‍ ഒരു സാധുവും ദരിദ്രനുമായ മനുഷ്യനാണ്. പണ്ടെങ്ങോ സവര്‍ണ്ണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു സ്വന്തം നാട്ടില്‍ നിന്നും ഒളിച്ചോടി മേലുകാവില്‍ വന്നു താമസിക്കുകയാണ്. മൂന്നു മക്കളുള്ള കുടുംബത്തിന്‍റെ ദൈനംദിന ചിലവുകള്‍ നടത്താന്‍ തന്നെ പാടുപെടുകയാണ് ബാലന്‍. മറ്റു ബാര്‍ബര്‍ ഷോപ്പുകാര്‍ ബ്യൂട്ടി പാര്‍ലറാക്കി കട കൂടുതല്‍ മോടി വരുത്തിയിരിക്കുമ്പോഴും പഴയ തട്ടി കട തന്നെയെ ബാര്‍ബര്‍ ബാലനുള്ളൂ.
PRO
PRO
തേഞ്ഞ് മൂര്‍ച്ച കുറഞ്ഞ കത്രികയും ഒടിഞ്ഞ കസേരയും വീട്ടിലെ ദാരിദ്രവുമാണ് ആകെ സമ്പാദ്യം. ഈ അവസ്ഥ മാറാനും കട മോടി പിടിപ്പിക്കുവാനുമായി പല വാതിലുകളിലും വായ്‌പ്പയ്‌ക്ക് അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൈക്കൂലി നല്‍കില്ല എന്ന നിലപാട് മൂലം അവിടെയൊന്നും അയാള്‍ക്ക് വേണ്ട സഹായം ലഭിക്കാതെ നിരാശ തന്നെയാണ് ഫലം.
ഗ്രാമവും ഗ്രാമീണരും ബാലനെ ഇങ്ങനെ തഴഞ്ഞിരിക്കുന്ന വേളയിലാണ് സൂപ്പര്‍സ്റ്റാര്‍ അശോക് രാജും സംഘവും അപ്രതീക്ഷിതമായി മേലുകാവില്‍ ഷൂട്ടിംഗിനായി എത്തുന്നത്. ബാലന്‍റെ ബാല്യകാല സുഹൃത്താണ് അശോക് രാജ്. തന്‍റെ അവസ്ഥയിലുള്ള ദൈന്യത നിമിത്തം ഈ സത്യം ബാലന്‍ രഹസ്യമായി സൂക്ഷിക്കുകയാണ്.
ഈ വിവരം യാദൃശ്ചികമായി പുറത്താകുന്നതോടെ ബാലന്‍ മേലുകാവുകാര്‍ക്കിടയില്‍ അശോക് രാജിനേക്കാളും വലിയ സൂപ്പര്‍ താരമാകുന്നു. ബാലന്‍റെ ഈ മുന്‍ കാല പരിചയം സൂപ്പര്‍ താരത്തെ പരിചയപ്പെടുന്നതിനുള്ള അവസരമാക്കി ഗ്രാമീണര്‍ കാണാന്‍ തുടങ്ങുന്നതോടെ ബാലന്‍റെ ജീവിതവും മാറി മറിയുകയാണ്. പക്ഷേ ഈ അപ്രതീക്ഷിത ഇമേജ് ബാലന് അസ്വസ്തതയാണ് ഉണ്ടാക്കുന്നത്.
ഒപ്പം ബാല്യകാല സുഹൃത്ത് തന്നെ തിരിച്ചറിയുമോ എന്ന ഭയവും എല്ലാത്തില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നു. പെട്ടെന്നു വന്ന സൌഭാഗ്യങ്ങളില്‍ വ്യക്തിത്വം നിലനിര്‍ത്തുവാനായി മുന്‍ സുഹൃത്തിനെ ഒന്നു കാണാനും തന്നെ പരിചയപ്പെടുത്താനും ബാലന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പൊളിയുന്നുമുണ്ട്. സൂപ്പര്‍ താരത്തിന്‍റെ കാര്യത്തില്‍ ബാലന്‍റെ നിരുത്‌സാഹം ഗ്രാമീണരില്‍ സംശയം ജനിപ്പിക്കുകയും വീണ്ടും പഴയപടി അവര്‍ അയാളെ തഴയാനും തുടങ്ങി.
എന്നാല്‍ തന്നെ ഈ അവസ്ഥയില്‍ എത്താന്‍ തുണയായ ബാലന്‍റെ സഹായങ്ങളെല്ലാം എന്നെന്നും സ്മരണയില്‍ സൂക്ഷിക്കുന്നയാളായിരുന്നു സൂപ്പര്‍സ്റ്റാര്‍ അശോക് രാജ്. മേലുകാവിലെ ഒരു സ്കൂള്‍ വാര്‍ഷികത്തിനെത്തുമ്പോള്‍ ഇക്കാര്യമെല്ലാം സൂപ്പര്‍ താരം തുറന്നു പറയുകയും ചെയ്തതോടെ ബാലന്‍ വീണ്ടും താരമാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
WD
WD
ഒരു ചെറിയ കഥയെ വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്ന ചെറിയ കര്‍മ്മം മാത്രമാണ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന മിഴിവും ശ്രദ്ധേയം. ബാലനായുള്ള ശ്രീനിയുടെ വേഷപ്പകര്‍ച്ചയും ഉജ്വലമാകുന്നു. മീനയുടെ പൊങ്ങച്ചവും സര്‍വ്വംസഹയുമായ ഭാര്യാവേഷം ശ്രദ്ധ നേടാതെ പോകില്ല.
പാരലല്‍ കോളേജ് അദ്ധ്യാപകനാകുന്ന മുകേഷും ഇന്നസെന്‍റിന്‍റെ അല്പനായ പലിശക്കാരനും സലിം കുമാറിന്‍റെ കവിയും മാമുക്കോയയുടെ ചായക്കടക്കാരനും കെ പി എ സി ലളിതയുടെ അദ്ധ്യാപികയും ജഗദീഷിന്‍റെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുശീലനും പാചക്കക്കാരന്‍ സുരാജ് വെഞ്ഞാറമൂടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
ചില്ലറ അലോരസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ആദ്യചിത്രം നന്നായി അവതരിപ്പിക്കുന്നതില്‍ മോഹന്‍ വിജയിച്ചു. കെട്ടുറപ്പുള്ള തിരക്കഥയില്‍ കാര്യങ്ങള്‍ അടുക്കുക എന്ന കാര്യമേ മോഹന്‍ ചെയ്തിട്ടുള്ളൂ. മുഴുനീള കഥാപാത്രമല്ലെങ്കിലും മമ്മൂട്ടിയുടെ സൂപ്പര്‍താരം അശോക്‌രാജിന്‍റെ പേര് ചിത്രത്തില്‍ ഉടനീളം ഉപയോഗിക്കുന്നതിലൂടെ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിലനിര്‍ത്തിയിരിക്കുന്നു. പ്രത്യേകിച്ചും അപ്രതീക്ഷിതമായി കണ്ണു നനയിക്കുന്ന ക്ലൈമാക്‍സ് വളരെ ഹൃദയസ്പൃക്കാണ്.
സൌന്ദര്യമുള്ള ഫ്രെയിമുകളും ചിത്രത്തിനെ വേറിട്ടു നിര്‍ത്തുന്നു. സംഗീത വിഭാഗം ഗിരീഷ് പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനും എഴുതിയ ഗാനങ്ങളില്‍ സംഗീതം എം ജയചന്ദ്രനും നിര്‍വ്വഹിച്ചിരിക്കുന്നു. കലാ സംവിധാനവും ഛായാഗ്രഹണവും മെച്ചമാണ്. എങ്കിലും പാട്ടു രംഗങ്ങള്‍ അത്ര മനോഹരമാണോ എന്ന സംശയം ന്യായം.
എന്നിരുന്നാലും ചിന്താവിഷടയായ ശ്യാമളയുടേയും ഉദയനാണ് താരത്തിന്‍റെയും ചില വാങ്ങലുകള്‍ ചിത്രത്തിനുണ്ടോ എന്ന ചെറിയ സംശയം സൂഷ്‌മ നിരീക്ഷണത്തിനുടമകളായ പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത്‌ഭുതപ്പടാനാകില്ല. എന്തൊക്കെ ശ്രദ്ധിച്ചാലും അല്പം പിഴവുകള്‍ വരും എന്ന തിരിച്ചറിവിലെത്തുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തുകയില്ല. ക്രിസ്മസ് ചിത്രങ്ങളില്‍ കഥ പറയുമ്പോള്‍ മുന്നിലെത്തിയതിലെ പ്രധാന വശം തന്നെ ശ്രീനിയുടെ തിരക്കഥാ മാജിക്കാണ്.