സിബി മലയില്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഉന്നം’ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മോശം റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ബോളിവുഡ് ചിത്രം പകര്‍ത്തി മലയാളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ദുരന്തമാണ് ‘ഉന്നം’ നേരിടുന്നത്.
2007 ല്‍ ഹിന്ദിയില്‍ വന്‍ ഹിറ്റായ ‘ജോണി ഗദ്ദര്‍’ എന്ന സിനിമയുടെ പകര്‍പ്പാണ് സ്വാതി ഭാസ്കറിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സൃഷ്ടിച്ച ഉന്നം. മലയാളികള്‍ക്ക് ദഹിക്കാന്‍ കഴിയാത്ത പാത്രസൃഷ്ടിയും കഥാസന്ദര്‍ഭങ്ങളുമാണ് ഉന്നത്തിന് വിനയായത്. തിരക്കഥയും സംവിധാനവും ഒരുപോലെ പരാജയപ്പെട്ട സിനിമ നിര്‍മ്മാതാവിന് വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സണ്ണി(ലാല്‍), അലോഷി(ആസിഫ് അലി), മുരുകന്‍(നെടുമുടി വേണു), ടോമി(പ്രശാന്ത് നാരായണന്‍), ബഷീര്‍(നൌഷി) എന്നിവര്‍ ബാലകൃഷ്ണന്‍ എന്ന പൊലീസുകാരനുമായി(ശ്രീനിവാസന്‍) ചേര്‍ന്ന് ഒരു ഉദ്യമത്തിനായി ശ്രമിക്കുന്നതാണ് കഥ. കഥാപാത്രങ്ങളുടെ വ്യക്തിത്വമില്ലായ്മ കല്ലുകടി സൃഷ്ടിക്കുന്നു.
അഭിനേതാക്കളില്‍ ലാലിന് മാത്രമാണ് തിളങ്ങാനായത്. ആസിഫ് അലിയുടെ പ്രകടനം പലപ്പോഴും അസഹനീയമാണ്. ചിത്രത്തിലെ ഗാനങ്ങളും ക്ഷമ പരീക്ഷിക്കുന്നതാണ്. റീമാ കല്ലിങ്കലും ശ്വേതാ മേനോനുമാണ് നായികമാര്‍. എന്നാല്‍ ഇരുവര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള അവസരം സംവിധായകന്‍ നല്‍കുന്നില്ല.
അസുരവിത്തിന് പിന്നാലെ ഉന്നവും വീണതോടെ ആസിഫ് അലിയുടെ സ്റ്റാര്‍ പ്രിന്‍സ് പദവി ചോദ്യം ചെയ്യപ്പെടുകയാണ്.