‘ലീല’യില്‍ ആന്‍ നഗ്‌നയാകില്ല!

Webdunia
വ്യാഴം, 22 നവം‌ബര്‍ 2012 (19:19 IST)
PRO
കുട്ടിയപ്പന്‍റെ ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്നയാക്കി കൊമ്പനാനയുടെ ഇരു കൊമ്പുകള്‍ക്കുമിടയില്‍ തുമ്പിക്കൈയോട് ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകള്‍ക്ക് ശേഷം അയാള്‍ക്ക് ഒരു പെണ്‍കുട്ടിയെ കിട്ടി. സ്വന്തം അച്ഛനില്‍ നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു പാവം പെണ്‍കുട്ടി - ലീല. അവളെ കുട്ടിയപ്പന്‍ നഗ്നയാക്കി. ആനയുടെ കൊമ്പുകള്‍ക്കിടയിലേക്ക് ചേര്‍ത്തുനിര്‍ത്തി. അയാളും നഗ്നനായി. തുടര്‍ന്ന്...

ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന കഥയുടെ ക്ലൈമാക്സ് ഇങ്ങനെയാണ്. ഈ കഥ രഞ്ജിത് സിനിമയാക്കുന്നു. 2013 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. കുട്ടിയപ്പനായി ശങ്കര്‍ രാമകൃഷ്ണന്‍ അഭിനയിക്കും. ലീലയെ അവതരിപ്പിക്കുന്നത് ആന്‍ അഗസ്റ്റിനാണ്.

കഥയുടെ ക്ലൈമാക്സില്‍ കുട്ടിയപ്പനും ലീലയും നഗ്നരാകുന്നുണ്ട്. കഥ സിനിമയിലേക്ക് പകര്‍ത്തുമ്പോള്‍ ശങ്കര്‍ രാമകൃഷ്ണനും ആന്‍ അഗസ്റ്റിനും നഗ്നരാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഒട്ടേറെ നായികമാരെ പരിഗണിച്ച ശേഷമാണ് രഞ്ജിത് ആനിലേക്കെത്തിയത്. ഗ്ലാമര്‍ നായികയായ റീമാ സെന്നിനെ മുതല്‍ മം‌മ്തയെ വരെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം പിന്‍‌മാറുകയായിരുന്നു. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി അര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യുന്ന നടിയാണ് ആന്‍ അഗസ്റ്റിന്‍. ലീലയ്ക്കു വേണ്ടി ആന്‍ നഗ്നയാകാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഈ പ്രൊജക്ടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ ഉയരുന്നതാണ്.

എന്നാല്‍ ലീലയില്‍ അങ്ങനെയുള്ള രംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ആന്‍ തന്നെ വ്യക്തമാക്കുന്നു:

“ലീല എന്‍റെ കരിയറിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, എന്നെ ഇഷ്ടപ്പെടുന്നവര്‍ അയ്യേ... എന്ന് പറയുന്ന വിധത്തില്‍ ഒന്നും ഞാന്‍ ചെയ്യില്ല. എന്തിന് ആന്‍ ഇങ്ങനെ ചെയ്തുവെന്നും ആരും ചോദിക്കില്ല. അര്‍ദ്ധനഗ്നയായി അഭിനയിക്കുമെന്നൊക്കെ കഥ വായിച്ചവര്‍ പറയുന്നതാണ്. ആര്‍ ഉണ്ണിയുടെ ലീല എന്ന കഥയില്‍ അത്തരം വിവരണങ്ങളുണ്ട് എന്നത് നേരുതന്നെ. പക്ഷേ, ഫിലിം കമ്മിറ്റ് ചെയ്തുകഴിഞ്ഞും ഞാന്‍ പറയുകയാണ്. ഒരിക്കലും മോശമായ വേഷം ധരിച്ച് ഞാന്‍ അഭിനയിക്കില്ല” - ആന്‍ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.

ആനിന്‍റെ പിതാവ് അഗസ്റ്റിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് സംവിധായകന്‍ രഞ്ജിത്. അതുകൊണ്ടുതന്നെ രഞ്ജിത്തിന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആനിന് ലഭിക്കുന്ന സുരക്ഷിതബോധവും വലുതാണ്.

“രഞ്ജിത് അങ്കിള്‍ എനിക്ക് അച്ഛനെപ്പോലെ ബഹുമാനമുള്ള വ്യക്തിയാണ്. എന്നെ വീട്ടില്‍ വിളിക്കുന്നത് വിക്കി എന്നാണ്. കുട്ടിക്കാലത്ത് എനിക്ക് ആ ചെല്ലപ്പേരിട്ടത് രഞ്ജിത് അങ്കിളാണ്. എന്‍റെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും അങ്കിളിന് വീട്ടിലെ ഒരംഗത്തേപ്പോലെ അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം എനിക്കുവേണ്ടി കാത്തുവച്ചിരിക്കുന്ന റോളും വളരെ വേറിട്ടതാകുമെന്ന് എനിക്കുറപ്പുണ്ട്” - കേരളകൌമുദി ഫ്ലാഷ് മൂവീസിന് അനുവദിച്ച അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നു.

‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’യ്ക്കു ശേഷം സാഹിത്യത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കുകയാണ് രഞ്ജിത്. ആര്‍ ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ലീല എഴുതിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥയാണിത്. ഈ കഥ കഴിഞ്ഞ വര്‍ഷം സിനിമയാക്കേണ്ടിയിരുന്നതാണ്. പല തിരക്കുകള്‍ കാരണം ചിത്രം മാറ്റിവച്ചു. മോഹന്‍ലാലിനെ നായകനാക്കിയാണ് രഞ്ജിത് ആദ്യം ‘ലീല’ ആലോചിച്ചത്. പിന്നീട് ശങ്കര്‍ രാമകൃഷ്ണനെ നായകനായി നിശ്ചയിക്കുകയായിരുന്നു. സ്പിരിറ്റിന് ശേഷം ലീല സിനിമയാക്കാമെന്ന് ഒടുവില്‍ തീരുമാനിച്ചു. എന്നാല്‍ മമ്മൂട്ടിച്ചിത്രങ്ങളുടെ തിരക്കുകളില്‍ പെട്ട് രഞ്ജിത് ലീല മാറ്റിവച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരിയില്‍ ‘ലീല’യുടെ ചിത്രീകരണം ആരംഭിക്കുകയാണ്.

ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു. നെടുമുടി വേണുവും നാടക കലാകാരന്‍‌മാരും സിനിമയില്‍ അണിനിരക്കും. സംവിധായകന്‍ ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്‍. വേണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം കാപിറ്റോള്‍ തിയേറ്റര്‍.

വാല്‍ക്കഷണം: മലയാളത്തില്‍ നായികമാര്‍ ആരുംതന്നെ ഇതുവരെ നഗ്നരായി അഭിനയിച്ചിട്ടില്ല. ഹിന്ദി - ഇംഗ്ലീഷ് ചിത്രമായ ബാന്‍ഡിറ്റ് ക്വീനില്‍ സീമാ ബിശ്വാസ് നഗ്നയായി നടിച്ചിരുന്നു. അതേസമയം മോഹന്‍ലാല്‍(തന്‍‌മാത്ര), കലാഭവന്‍ മണി(കരുമാടിക്കുട്ടന്‍), നീല്‍ നിതിന്‍ മുകേഷ്(ജയില്‍) തുടങ്ങിയ നടന്‍‌മാര്‍ സിനിമകളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.